ഇന്ത്യ-റഷ്യ ഉന്നതതലയോഗം ഈ മാസം : എസ്.ജയശങ്കർ മോസ്‌കോവിലേയ്‌ക്ക്

Published by
Janam Web Desk

ന്യൂഡൽഹി: ആഗോള ഉപരോധത്തിനിടയിലും ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കി വിദേശകാര്യമന്ത്രാലയം . അന്താരാഷ്‌ട്ര പ്രതിസന്ധികൾ ചർച്ചചെയ്യാനായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ മോസ്‌കോവിലെത്തും. അടുത്തയാഴ്ച 7-8 തീയതികളിലാണ് സന്ദർശനം. റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തുന്ന ജയശങ്കർ വിദേശകാര്യമന്ത്രി സെർജീ ലാവ്‌റോവുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഫെബ്രുവരിയിൽ യുക്രെയ്‌നെതിരെ ആക്രമണം റഷ്യ ആരംഭിച്ച ശേഷം ഇതാദ്യമായാണ് ജയശങ്കർ മോസ്‌കോ സന്ദർശിക്കുന്നത്. നാറ്റോയും അമേരിക്കയും റഷ്യയ്‌ക്കെതിരെ കനത്ത ഉപരോധം തുടരുന്നതിനിടയിലാണ് സന്ദർശനം. ഉപരോധത്തിനിടയിലും എണ്ണ ഇറക്കുമതി ചെയ്തുകൊണ്ട് ഇന്ത്യ റഷ്യയെ സഹായിക്കുന്നത് അന്താരാഷ്‌ട്രതലത്തിൽ വലിയ ചലനമാണ് ഉണ്ടാക്കിയത്. ഇതിനിടെ പ്രതിരോധ രംഗത്തും റഷ്യ ഇന്ത്യയ്‌ക്ക് വൻ സഹായമാണ് നൽകിക്കൊണ്ടിരിക്കുന്നത്.

മേഖലയിലെ എല്ലാ സംഭവവികാസങ്ങളും ചർച്ച തചെയ്യുമെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. ശൈത്യകാലം ആരംഭിച്ചതിനാൽ ഇന്ത്യ അതിർത്തിയിൽ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ പ്രതിരോധ വെല്ലുവിളികളെ നേരിടുന്നതിനും, ബഹിരാകാശ രംഗത്ത് ചന്ദ്രയാനടക്കമുള്ള ഇന്ത്യൻ ദൗത്യത്തിനും റഷ്യ നിർണ്ണായക സഹായമാണ് നൽകി ക്കൊണ്ടിരിക്കുന്നത്.

യുക്രെയ്ൻ വിഷയത്തിൽ വ്യക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച നരേന്ദ്രമോദിയും ജയശങ്കറും പക്ഷെ പുടിനുമായി വ്യാപാര വാണിജ്യ കരാറിൽ ഉറച്ചു നിൽക്കുകയാണ്. നൂറ്റാണ്ടുകളായി റഷ്യയുമായുള്ള ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന സൂചന എല്ലാ അന്താരാഷ്‌ട്രവേദികളിലും ഇന്ത്യ നൽകിയിട്ടുമുണ്ട്.

Share
Leave a Comment