ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ വധശ്രമത്തിൽ അപലപിച്ച് അമേരിക്ക. രാഷ്‌ട്രീയത്തിനിടയിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ വ്യക്തമാക്കി.
”റാലിക്കിടെ ഇമ്രാൻ ഖാന് വെടിയേറ്റ സംഭവത്തിൽ ശക്തമായി അപലപിക്കുന്നു. പരിക്കേറ്റ എല്ലാവർക്കും എത്രയും വേഗം സുഖംപ്രാപിക്കട്ടെ. ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുകയാണ്. എല്ലാവരും ശാന്തരായി തന്നെ തുടരാൻ തയ്യാറാകണം. രാഷ്‌ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് ഓർക്കുക.” ആന്റണി ബ്ലിങ്കൺ ട്വിറ്ററിൽ കുറിച്ചു.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ആക്രമണത്തെ അപലപിച്ചിരുന്നു. ഇമ്രാൻ ഖാനെതിരെയും അദ്ദേഹത്തിന്റെ അണികൾക്കെതിരെയും നടന്ന ആക്രമണം ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയാത്തതാണ്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഏതൊരു ജനാധിപത്യ രാജ്യത്തും രാഷ്‌ട്രീയത്തിനിടയിൽ അക്രമത്തിന് സ്ഥാനമുണ്ടാകില്ലെന്ന് ഓർക്കുക. ഇമ്രാനും പരിക്കേറ്റ മറ്റുള്ളവർക്കും എത്രയും വേഗം സുഖമാകട്ടെയെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. സൗദി അറേബ്യയും ഇമ്രാനെതിരായ ആക്രമണത്തെ അപലപിച്ചിരുന്നു.
അതേസമയം കാലിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചതായും അദ്ദേഹം അറിയിച്ചു.
പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിലുള്ള അല്ലവാല ചൗക്കിൽ റാലിയെത്തിയപ്പോഴായിരുന്നു അക്രമി വെടിവെച്ചത്. ഇമ്രാന്റെ റാലി ആരംഭിച്ച ദിനം മുതൽ ആക്രമണത്തിന് പദ്ധതിയിട്ടതാണെന്നാണ് അക്രമിയുടെ മൊഴി. വധശ്രമത്തിന് പിന്നിൽ മറ്റാരുടെയും ഗൂഢാലോചനയില്ലെന്നും അക്രമി വ്യക്തമാക്കിയിട്ടുണ്ട്.
Comments