കരിപ്പൂർ: കുട്ടികളുടെ വസ്ത്രത്തിലൊളിപ്പിച്ച് അനധികൃത സ്വർണ്ണക്കടത്തിന് ശ്രമം. കോഴിക്കോട് വിമാനത്താവളത്തിലാണ് സംഭവം. 18 ലക്ഷം രൂപയോളം വില വരുന്ന സ്വർണ്ണമാണ് കുഞ്ഞുടുപ്പുകളുടെ ബട്ടണുകളുടെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഫയാസ് അഹമ്മദ് റാണയെ(26) സംഭവവുമായി ബന്ധപ്പെട്ട് കരിപ്പൂരിലെ എയർ കസ്റ്റംസ് ഇന്റലിജൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഫയാസ് കൊണ്ടുവന്ന കുഞ്ഞുടുപ്പുകളിൽ 195 സ്വർണ ബട്ടണുകളാണ് ഉണ്ടായിരുന്നത്. കുട്ടികളുടെ വസ്ത്രത്തിലെ ബട്ടൺ എന്ന് തോന്നാൻ വേണ്ടി വെള്ളി നിറവും പൂശിയിരുന്നു. 195 ബട്ടണുകൾ 349 ഗ്രാം വരും. 17.76 ലക്ഷം വിലയാണ് ഇതിന് കണക്കാക്കുന്നത്. അസ്വാഭാവികത തോന്നിയ ഉദ്യോഗസ്ഥർ വിശദമായി നടത്തിയ പരിശോധനയിലാണ് സ്വർണ്ണ ബട്ടണുകൾ പിടിച്ചെടുക്കുന്നത്.
ബട്ടണുകൾക്ക് പുറമെ വിമാനത്തിലെ ശുചിമുറിയിൽ നിന്ന് സ്വർണ്ണമിശ്രിത പൊതിയും കണ്ടെടുത്തിട്ടുണ്ട്. ഷാർജയിൽ നിന്നെത്തിയ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് 69.32 രൂപ വില വരുന്ന സ്വർണ്ണം പിടിച്ചെടുത്തത്. ശുചീകരണ തൊഴിലാളികളാണ് സ്വർണ മിശ്രിതത്തിന്റെ പൊതി ആദ്യം കണ്ടത്. ഇവർ ഉടൻ തന്നെ വിവരം കസ്റ്റംസിനെ അറിയിക്കുകയായിരുന്നു. 1.6 കിലോ മിശ്രിതത്തിൽ നിന്ന് 1.362 കിലോ സ്വർണ്ണമാണ് വേർതിരിച്ചെടുത്തത്.
















Comments