സമൂഹമാദ്ധ്യമം വഴിയുള്ള തൊഴിൽ തട്ടിപ്പിൽ മഹാരാഷ്‌ട്ര സ്വദേശിനിയായ യുവതിക്ക് 15.22 ലക്ഷം രൂപ നഷ്ടമായി. ഫേസ്ബുക്കിൽ കണ്ട വർക് ഫ്രം ഹോം പരസ്യത്തിൽ ക്ലിക്ക് ചെയ്തതോടെയാണ് യുവതിയുടെ പണം നഷ്ടമായത്. ഡോംബിവാലി സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിന് ഇരയായത്. 57കാരിയായ ഇവർ വർക് ഫ്രം ഹോം പരസ്യത്തിൽ ക്ലിക്ക് ചെയതപ്പോൾ മരിയ ഡി ലിയോൺ എന്ന സ്ത്രീയുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് റീഡയറക്ട് ചെയ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥന്റെ നമ്പർ ആണെന്ന് പറഞ്ഞ് ഇവർ മറ്റൊരു നമ്പർ വീട്ടമ്മയ്‌ക്ക് നൽകി.
ടെയിൻ ലെജോറോ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയെ ആണ് ഈ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ കിട്ടിയത്. ജോലിയുടെ ഭാഗമായി 40 ശതമാനം കമ്മീഷനായി ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച സ്ത്രീ 15.22 ലക്ഷം രൂപ ചെലവഴിച്ചു. പിന്നാലെ മൂന്ന് ലക്ഷം രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പുകാർ വളിച്ചു. എന്നാൽ വീട്ടമ്മ ഇതിന് തയ്യാറായില്ല. ഇതിന് ശേഷം ഇവരുമായി ബന്ധപ്പെടാനും വീട്ടമ്മയ്‌ക്ക് സാധിച്ചിരുന്നില്ല.
നഷ്ടമായ പണം തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ ഇവർ കുറച്ചു നാൾ കാത്തിരുന്നെങ്കിലും അത് ലഭിക്കാതായതോടെ കഴിഞ്ഞ ദിവസം പോലീസിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടമ്മയുടേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, സമാനമായ തട്ടിപ്പിൽ നിരവധി പേർ കുടുങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ആമസോണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനി എന്ന വ്യാജേന പ്രത്യക്ഷപ്പെട്ട പരസ്യത്തിൽ കുടുങ്ങിയ 28കാരനായ ഡെപ്യൂട്ടി ബാങ്ക് മാനേജർക്ക് രണ്ടരലക്ഷം രൂപ നഷ്ടമായിരുന്നു. പാർട് ടൈം ജോലിയുമായി ബന്ധപ്പെട്ടുള്ള പരസ്യമായിരുന്നു ഇതും.
Comments