കൊച്ചി: ഐഎൻഎസ് വിക്രാന്ത് നിർമ്മാണത്തിലിരിക്കെ മോഷണം നടത്തിയ 2 പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ബീഹാർ സ്വദേശി സുമിത് കുമാർ, രാജസ്ഥാൻ സ്വദേശി ദയാറാം എന്നിവരെയാണ് ശിക്ഷിച്ചത്. മുഖ്യപ്രതിക്ക് അഞ്ച് വർഷം തടവ്,രണ്ടാം പ്രതിക്ക് മൂന്ന് വർഷം തടവ് എന്നിങ്ങനെയാണ് കൊച്ചി എൻ ഐ എ കോടതി ശിക്ഷ വിധിച്ചത്.കപ്പൽ ശാലയിലെ കരാർ പെയിന്റിംഗ് തൊഴിലാളികളായിരുന്നു പ്രതികൾ. കരാറുകാരനുമായി വേതനത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് മോഷണത്തിന് കാരണമായതെന്നായിരുന്നു ഇവരുടെ മൊഴി.
മോഷണം, സൈബർ സുരക്ഷ, എന്നീ കുറ്റങ്ങളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയത്.എൻ ഐ എ അന്വേഷണത്തിൽ രാജ്യദ്രോഹക്കുറ്റം കണ്ടെത്തിയിരുന്നില്ല.വിമാനവാഹിനിക്കപ്പൽ ഐ എൻ എസ് വിക്രാന്ത് കൊച്ചി കപ്പൽശാലയിൽ നിർമ്മാണത്തിലിരിക്കെയാണ് കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കും, ഹാർഡ് വെയറുകളും മോഷ്ടിക്കപ്പെട്ടത്.രാജ്യ വിരുദ്ധ പ്രവർത്തനവും, ചാരപ്രവർത്തനവും സംശയിച്ചതോടെയാണ് എൻഐഎ കേസ് ഏറ്റെടുത്തത്.
2019 സെപ്തംബറിലാണ് നിർമ്മാണത്തിലിരുന്ന ഐഎൻഎസ് വിക്രാന്ത് യുദ്ധക്കപ്പലിൽ മോഷണം നടത്തിയത്. കപ്പലിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ പ്രതികള് ഓൺലൈനിലൂടെ വിൽക്കുകയായിരുന്നു. പോലീസിനെ ഏറെ കുഴപ്പിച്ച കേസായിരുന്നു യുദ്ധകപ്പലിലെ മോഷണം. ആയിരത്തിലേറെ വിരലടയാളങ്ങൾ ശേഖരിച്ച് പരിശോധിച്ചെങ്കിലും ആദ്യഘട്ടത്തിൽ തുമ്പൊന്നും കിട്ടിയിരുന്നില്ല.പിന്നീട് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
















Comments