തിരുവനനന്തപുരം; പാറശ്ശാലയിൽ ഷാരോൺ രാജിനെ കാമുകി ഗ്രീഷ്മ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാൻ നീക്കമെന്ന് സംശയം. കൊലക്കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മയുടെ വീട്ടിനുള്ളിൽ ആരോ കയറിയെന്ന് സംശയം.
കേസന്വേഷണം പുരോഗമിക്കുന്നതിന്റെ ഭാഗമായി ഗ്രീഷ്മയുടെ വീട് പോലീസ് നേരത്തെ സീൽ ചെയ്തിരുന്നു. പോലീസ് സീൽ ചെയ്ത വാതിൽ ആരോ തുറന്ന് അകത്ത് കയറിയെന്നാണ് സംശയം. സംഭവത്തിൽ വ്യക്തത വരുത്താൻ തമിഴ്‌നാട് പോലീസും പാറശ്ശാല പോലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉടൻ തന്നെ ഗ്രീഷ്മയുടെ വീട്ടിലെത്തും.
അതേസമയം, കേസന്വേഷേണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്ന കാര്യത്തിൽ ഡിജിപി അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. കുറ്റകൃത്യത്തിന്റെ ആസൂത്രണവും തെളിവ് നശിപ്പിക്കലുമെല്ലാം തമിഴ്‌നാട് അതിർത്തിയിൽ നടന്നിട്ടുള്ളതിനാൽ കേസ് അന്വേഷണം കൈമാറുന്നതാണ് ഉചിതമെന്നും അതല്ല അന്വേഷണം കേരളപോലീസ് തന്നെ നടത്തുന്നതിൽ തടസ്സമില്ലെന്നും നിയമോപദേശം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വ്യക്തതയ്‌ക്ക് വേണ്ടി വീണ്ടും നിയമോപദേശം തേടുന്നത്.
കൊലക്കേസിൽ കസ്റ്റഡിയിലുള്ള ഗ്രീഷ്മയെയും, അമ്മ സിന്ധുവിനെയും, അമ്മാവൻ നിർമ്മൽ കുമാറിനെയും ഇന്ന് അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഗ്രീഷ്മയെ തെളിവെടുപ്പിനായി കൊണ്ടുവരും. ഇന്നലെയാണ് മൂന്ന് പേരെയും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ലഭിച്ചത്.
Comments