തിരുവനന്തപുരം: അഴിമതിയിലും വിവാദങ്ങളിലും നിരന്തരം ഉയർന്നു കേൾക്കുന്ന പേരാണ് മേയർ ആര്യാ രാജേന്ദ്രൻ എന്നത്. ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പേരിൽ സിപിഎം ഉയർത്തിക്കാട്ടിയ ആര്യാ രാജേന്ദ്രൻ അഴിമതിയുടെ പര്യായമായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം ഏറ്റെടുത്തതു മുതൽ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്നത് വഴിവിട്ട സഹായങ്ങളും അഴിമതിയും സ്വജനപക്ഷപാതവുമാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ ജോലിക്കെടുക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യാ രാജേന്ദ്രൻ കത്തയച്ചതാണ് ഏറ്റവും പുതിയതായി പുറത്തുവന്ന വഴിവിട്ട നീക്കം. ഇതിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. വലിയ ജനരോഷമാണ് മേയർ ആര്യാ രാജേന്ദ്രനെതിരെയും സിപിഎം ഭരണസമിതിക്കെതിരെയും ഉയരുന്നത്.
തലസ്ഥാന നഗരത്തിലെ തിരക്കേറിയ എം.ജി റോഡിൽ സ്വകാര്യഹോട്ടലിന് അനധികൃതമായി പാർക്കിംഗ് അനുവദിച്ചു കൊണ്ടുള്ള മേയർ ആര്യാ രാജേന്ദ്രന്റെ ഇടപെടൽ മാസങ്ങൾക്ക് മുമ്പാണ് പുറത്തു വന്നത്. പ്രതിമാസം അയ്യായിരം രൂപ വാടക ഇനത്തിൽ ഈടാക്കിയാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡ് തിരുവനന്തപുരം കോർപറേഷൻ വാടകയ്‌ക്ക് നൽകിയത്. ദേവസ്വം ബോർഡ് കെട്ടിടത്തിൽ പുതുതായി തുടങ്ങിയ സ്വകാര്യഹോട്ടലിനായിരുന്നു കോർപ്പറേഷൻ വഴി വിട്ട സഹായം ചെയ്തത്. മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ചേർന്ന ട്രാഫിക് ഉപദേശക സമിതിയുടെ തീരുമാനമാണിത്. വെറും നൂറു രൂപയുടെ പത്രത്തിൽ ഒരു കരാറുണ്ടാക്കി ഹോട്ടലുടമ കോർപ്പറേഷനെ ഏൽപ്പിക്കുകയും കരാർ പത്രത്തിൽ കണ്ണുംപൂട്ടി മേയർ ഒപ്പിടുകയും ചെയ്തു.
ഓണസദ്യ മാലിന്യക്കുപ്പയിൽ തളളിയ സംഭവത്തിൽ പിരിച്ചുവിട്ട ശുചീകരണ തൊഴിലാളികളെ ആര്യാ രാജേന്ദ്രൻ തിരിച്ചെടുത്തതും വലിയ വിവാദമായിരുന്നു. ശുചീകരണ തൊഴിലാളികൾക്കെതിരെ നടപടി എടുത്തതിന് പിന്നാലെ സിപിഎമ്മിനുള്ളിൽ തന്നെ പ്രതിഷേധം ശക്തമായി. നടപടി പിൻവലിക്കണമെന്ന് മേയർ ആര്യാ രാജേന്ദ്രന് സിപിഎം നിർദ്ദേശം നൽകിയതോടെ ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ, മേയർ പാർട്ടിയുടെ വെറും അടിമയായി മാറി എന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ നികുതി വെട്ടിപ്പും കഴിഞ്ഞ വർഷം പുറത്തു വന്നിരുന്നു. നേമം, ആറ്റിപ്ര സോണുകളിൽ നിന്നായി 27 ലക്ഷം രൂപയാണ് നഗരസഭയിലെ സിപിഎം പ്രവർത്തകരായ ജീവനക്കാർ വെട്ടിച്ചത്. സോണുകളിൽ നിന്നും പിരിച്ച വീട്ടുകരം നഗരസഭയ്‌ക്ക് നൽകാതെ സ്വന്തം അക്കൗണ്ടുകളിൽ തന്നെ നിക്ഷേപിക്കുകയായിരുന്നു ഇവർ. കുറ്റം ചെയ്തവരെ മേയർ ആര്യാ രാജേന്ദ്രനും ഇടതുപക്ഷ കൗൺസിലർമാരും സംരക്ഷിക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.
കൊറോണാ പ്രതിസന്ധി കാലഘട്ടത്തിൽ പ്രോട്ടോക്കോൾ പാലിച്ച് വീടുകളിലാണ് ഭക്തർ പൊങ്കാലയർപ്പിച്ചത്. എന്നാൽ, പൊങ്കാലയ്‌ക്കുശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ 21 ടിപ്പർ ലോറികൾ വാടകയ്‌ക്ക് എടുത്തത് വലിയ അഴിമതിയാണ് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയത്. ലോറികൾക്ക് വാടകയായി 3,57,800 രൂപയാണ് ചിലവഴിച്ചത്. അനധികൃതമായി കെട്ടിട നമ്പർ നൽകിയ സംഭവവും ഏറെ വിവാദമായിരുന്നു. വെറും മൂന്ന് വർഷങ്ങൾ കൊണ്ട് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തിൽ ഇല്ലാത്ത അത്രയും അഴിമതികളാണ് നടന്നത്. മേയറുടെയും സിപിഎമ്മിന്റെയും സർക്കാരിന്റെയും അഴിമതി കഥകൾ ഓരോന്നായി പുറത്തു വരുമ്പോൾ ജനങ്ങൾക്കിടയിൽ നിന്നും പ്രതിഷേധം ശക്തമാകുകയാണ്.
Comments