തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടി സ്വീകരിക്കാൻ ഭരണഘടന വിദഗ്ധൻ ഫാലി എസ് . നരിമാന്റെ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള നിയമ നിർമ്മാണത്തെ കുറിച്ചും സർക്കാർ ഉപദേശം തേടിയിട്ടുണ്ട്. ഇതിനായി ഫാലി എസ്. നരിമാനും ജൂനിയർ അഭിഭാഷകർക്കുമായി 45.9 ലക്ഷം രൂപയാണ് ഫീസ്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.
നിയമ ഉപദേശം നൽകുന്നതിന് ഫാലി എസ് നരിമാന് മാത്രം ഫീസായി മുപ്പത് ലക്ഷം രൂപ സർക്കാർ നൽകും. നരിമാന്റെ ജൂനിയർമാരും ക്ലർക്കുമാർക്കുമായി 15.9 ലക്ഷം രൂപയുമാണ് നൽകുന്നത്. നിയമ ഉപദേശം ലഭിച്ചാൽ ഉടൻ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കും. അനുകൂലമായ ഉപദേശം ലഭിച്ചാൽ സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഫാലി എസ്. നരിമാനോ, കെ.കെ. വേണുഗോപാലോ ഹാജരാകും.
ഗവർണറിനും സർക്കാരിനുമിടയിലുള്ള പോര് തുടരുന്നതിനിടെയിലാണ് ഗവർണർക്കെതിരെ കോടതിയെ സമീപിക്കാൻ സർക്കാരൊരുങ്ങുന്നത്. ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദ പ്രകാരമുള്ള കടമ ഗവർണർ നിർവഹിക്കുന്നില്ല, ലോകായുക്ത, സർവകലാശാല നിയമ ഭേദഗതി ബില്ലുകളിൽ രാജ്ഭവൻ തുടർ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സംസ്ഥാനത്തെ ഭരണപ്രതിസന്ധിയിലേക്ക് തള്ളി വിടാനാണ് ഇത്തരത്തിലുള്ള നടപടി ഗവർണർ സ്വീകരിക്കുന്നതെന്നാണ് സർക്കാരിന്റെ നിലപാട്. ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്നത് ഭരണഘടന വിരുദ്ധമാണെന്നാണ് സർക്കാർ വാദം. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാനുള്ള സാദ്ധ്യതയ്‌ക്കായി സർക്കാർ നിയമോപദേശം തേടിയത്. അതേസമയം പൊതുജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സംസ്ഥാന സർക്കാർ ഇത്തരം ധൂർത്തുകൾ തുടരുന്നതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
















Comments