അമരാവതി: ഏറ്റവും സമ്പന്ന ക്ഷേത്രമായ തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി 2.26 ലക്ഷം കോടി രൂപയായി ഉയർന്നു.തിരുപ്പതി ദേവസ്ഥാനത്തിന്റെ (ടിടിഡി)സിഇഒ എ.വി വർമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശത്തെ തുടർന്നാണ് ദേവസ്ഥാനം സ്വത്ത് വിവരങ്ങൾ പുറത്തുവിട്ടത്.
വിവിധ ദേശസാൽകൃത ബാങ്കുകളിലെ സ്ഥിരനിക്ഷേപം ഉൾപ്പെടെ കണക്കിലെടുത്താണ് ആസ്തി വിവരങ്ങൾ ട്രസ്റ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. 2019-ൽ വിവിധ ബാങ്കുകളിൽ 13,025 കോടി രൂപയായിരുന്നു സ്ഥിരനിക്ഷേപം. കൊറോണ ഭീതി വിതച്ച സമയത്തും ക്ഷേത്രത്തിന് ലഭിച്ച സംഭാവനകളിൽ കുറവുണ്ടായില്ല. സെപ്തംബറോടെ 15,938 കോടി രൂപയായി ഇത് ഉയർന്നു. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് നിക്ഷേപം 2,900 കോടി രൂപയാണ് വർദ്ധിച്ചത്.
ക്ഷേത്ര ജീവനക്കാരുടെ ശമ്പളവും മറ്റ് ചിലവുകളും കഴിഞ്ഞ ശേഷമാണ് സ്ഥിര നിക്ഷേപത്തിലേക്ക് ഇത്രയും തുക നീക്കിവെയ്‌ക്കാനായതെന്നും ചില തൽപര കക്ഷികളാണ് ക്ഷേത്രത്തിന്റെ ആസ്തിയെക്കുറിച്ച് നിരന്തരം സംശയങ്ങൾ ഉന്നയിച്ചതെന്നും എവി വർമ്മ പറഞ്ഞു. തിരുപ്പതി ക്ഷേത്രത്തിന്റെ സ്വർണ്ണ നിക്ഷേപം 10.25 ടണ്ണാണ്. 2019-ൽ ഇത് 7.3 ടണ്ണായിരുന്നു.
ഏകദേശം 5,309 കോടി രൂപ വില മതിക്കുന്ന സ്വർണ്ണമാണ് ക്ഷേത്രത്തിനുള്ളത്. ഭക്തർ കാണിക്കയായി ഭൂമി നൽകുന്നത് വഴി രാജ്യത്തുടനീളം 7,123 ഏക്കർ ഭൂമിയിലായി 960 ഭൂമി സ്വത്തുക്കൾ ഉണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ക്ഷേത്രത്തിന്റെ വസ്തുവകകളുടെ മൂല്യം 85,705 കോടി രൂപയാണെങ്കിലും ഇതിന്റെ വിപണി മൂല്യം 2 ലക്ഷം കോടിയിലധികം വരുമെന്നാണ് വിലയിരുത്തൽ. ക്ഷേത്രത്തിൽ സജ്ജമാക്കിയിരിക്കുന്ന ഗസ്റ്റ് ഹൗസുകൾ, കോട്ടേജുകൾ, തീർത്ഥാടക സമുച്ചയങ്ങൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ എന്നിങ്ങനെയുള്ള കെട്ടിടങ്ങളുടെ മൂല്യം ഏകദേശം 5,000 കോടി രൂപയാണെന്നും സിഇഒ പറഞ്ഞു.
















Comments