തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്‌ക്ക് സാധ്യത. അഞ്ച് ജില്ലകൾക്ക് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലയിലും തീരദേശത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണസേന അറിയിച്ചു.
തെക്കൽ തമിഴ്‌നാട് തീരത്തായി ചക്രവാതച്ചുഴി രൂപം കൊണ്ടിട്ടുണ്ട്. സമാനമായി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നതിനാൽ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
മലയോരമേഖലയിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ മുന്നിൽ കണ്ട് തദ്ദേശ സ്ഥാപനങ്ങൾ മുന്നൊരുക്കങ്ങൾ നടത്തണമെന്നും നിർദേശമുണ്ട്. വരും ദിവസങ്ങളിൽ ഉയർന്ന തിരമാലയ്‌ക്കുള്ള സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments