ന്യൂഡൽഹി : പാകിസ്താന്റെ ചാരവൃത്തികൾ കണ്ടെത്താൻ അതേ നാണയത്തിൽ തിരിച്ചടിയുമായി ഇന്ത്യ. പാകിസ്താൻ സൈനിക തലവന്മാരുടെ ലാപ്‌ടോപ്പിലെ ഉൾപ്പെടെ രഹസ്യ വിവരങ്ങൾ ഇന്ത്യൻ ഹാക്കർമാർ ചോർത്തിയതായി റിപ്പോർട്ട്. പാകിസ്താനിലെ രാഷ്‌ട്രീയക്കാരുടെയും നയതന്ത്രജ്ഞരുടെയും സ്വകാര്യ സംഭാഷണങ്ങളാണ് ചോർത്തുന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദ്ദേശപ്രകാരമാണ് നീക്കങ്ങൾ. അന്താരാഷ്‌ട്ര മാദ്ധ്യമമായ സൺഡേ ടൈംസാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്.
ഔദ്യോഗിക ഒത്താശയോടെയാണ് ഇത്തരത്തിൽ ഹാക്കർമാർ വിവരം ചോർത്തുന്നതെന്നാണ് പത്രം റിപ്പോർട്ടിൽ ആരോപിക്കുന്നത്. തുർക്കി, പാകിസ്താൻ, ഈജിപ്റ്റ്, കംബോഡിയ, കാനഡ എന്നീ രാജ്യങ്ങളുടെ സർക്കാർ സംവിധാനങ്ങളുടെ രഹസ്യവിവരങ്ങൾ ഹാക്ക് ചെയ്യാൻ പ്രത്യേക സംഘങ്ങളെ നിയമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ടിന്റെ ഉദ്ദേശ്യശുദ്ധിയിൽ പല കോണുകളിൽ നിന്നും സംശയം ഉയർന്നു തുടങ്ങി. വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ ഭരണകൂടത്തെ സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ ലക്ഷ്യമിട്ടുളളതാണെന്ന സംശയമാണ് ഉയരുന്നത്.
ഇന്ത്യയിലെ നൂറുകണക്കിന് ഹാക്കിംഗ് സംഘങ്ങൾ ലോകനേതാക്കളുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും ഇമെയ്‌ലുകൾ തകർത്ത് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നുവെന്നാണ് സൺഡേ ടൈംസ് ആരോപിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് ചെയ്യുന്നത്. എന്നാൽ സംഭവത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം ഇതിന് പിന്നിലുണ്ടെന്നാണ് സംശയം.
ഇന്ത്യൻ ഹാക്കർമാരെക്കുറിച്ച് പഠിക്കാൻ പത്രത്തിലെ ഇൻവെസ്റ്റിഗേറ്റീവ് വിഭാഗം ശ്രമിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടെന്നുമാണ് സൺഡേ ടൈംസ് അവകാശപ്പെടുന്നത്. ഇക്കൊല്ലം ആദ്യമാണ് മാദ്ധ്യമലേഖകർ ഇന്ത്യയിൽ ഇതിനായി എത്തിയതെന്നും പത്രം പറയുന്നു.
ഡൽഹിയിലെ ഹോട്ടൽ മുറിയിലെ ഒരു ഹാക്കറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സർക്കാരിനെതിരെ റിപ്പോർട്ടിൽ പത്രം ആരോപണം ഉന്നയിക്കുന്നത്. സർക്കാരാണ് തന്നെ വാടകയ്‌ക്ക് എടുത്തിരിക്കുന്നതെന്നും ഹാക്കിംഗ് ജോലിക്ക് നിയോഗിച്ചതെന്നുമാണ് ഇയാൾ വെളിപ്പെടുത്തുന്നത്. എന്നാൽ ഇതിന്റെ മാത്രം വെളിച്ചത്തിൽ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളെപ്പോലും പ്രതികൂലമായി ബാധിച്ചേക്കാവുന്ന റിപ്പോർട്ട് പുറത്തുവിട്ട സൺഡേ ടൈംസിനെതിരെ വരും ദിവസങ്ങളിൽ കേന്ദ്രസർക്കാരും നിലപാട് കടുപ്പിച്ചേക്കുമെന്നാണ് സൂചന.
















Comments