മലപ്പുറം : കരിപ്പൂരിൽ വൻ സ്വർണവേട്ട. വായ്‌ക്കുള്ളിൽ സ്വർണ ബിസ്‌ക്കറ്റുകൾ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കാസർഗോഡ് കൊളിയടുക്കം സ്വദേശി അബ്ദുൽ അഫ്‌സൽ (24) ആണ് പോലീസിന്റെ പിടിയിലായത്. 233 ഗ്രാം സ്വർണം ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് അബ്ദുൽ അഫ്‌സൽ കരിപ്പൂരിൽ എത്തിയത്. കസ്റ്റംസ് പരിശോധനയ്‌ക്ക് ശേഷം 6 മണിയോടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ അഫ്‌സലിനെ പോലീസ് കൈയ്യോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം വായ്‌ക്കുള്ളിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്.
രണ്ട് സ്വർണ്ണ ബിസ്‌കറ്റുകൾ നാല് വീതം കഷ്ണങ്ങളാക്കി വായ്‌ക്കകത്ത് ഒളിപ്പിച്ച് കടത്താനാണ് അബ്ദുൽ അഫ്‌സൽ ശ്രമിച്ചത്. നാവിനടിയിലാണ് ഇയാൾ ഒളിപ്പിച്ചത്. മുഖത്ത് മാസ്‌കും ധരിച്ചതിനാൽ ഇത് കണ്ടെത്താൻ പ്രയാസമാണ്. പിടിച്ചെടുത്ത സ്വർണത്തിന് അഭ്യന്തര വിപണിയിൽ 12 ലക്ഷം രൂപ വില വരും.
Comments