കോഴിക്കോട്: പുല്ലാവൂരിൽ റൊണാൾഡൊയുടെ കട്ടൗട്ടും കൂടി ഉയർത്തി ഫുട്‌ബോൾ ആരാധകർ. കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന നിർദ്ദേശം വിവാദമായതിന് പിന്നാലെയാണ് പുതിയ കട്ടൗട്ടുകൂടി പുഴയോരത്ത് ഉയർത്തിയത്. അർജന്റീന ഫാൻസും പിന്നിട് ബ്രസീൽ ഫാൻസും കട്ടൗട്ടുകൾ ഉയർത്തിയപ്പോൾ ഇത്തവണ പോർച്ചുഗൽ ഫാൻസാണ് കട്ടൗട്ടുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസമാണ് പുഴയിൽ അർജന്റീന താരം ലയണൽ മെസിയുടെ 30 അടി ഉയരമുള്ള കട്ടൗട്ട് ഉയർത്തിയത്. ഇതിന് പിന്നാലെ മറുപടി എന്ന രീതിയിലാണ് ബ്രസീൽ ആരാധകർ നെയ്മറിന്റെ പടുകൂറ്റൻ കട്ടൗട്ട് ഉയർത്തിയത്. 40 അടി ഉയരമുള്ള കട്ടൗട്ടാണ് സ്ഥാപിച്ചത്. പുഴയുടെ നടുവിൽ സ്ഥാപിച്ചിരുന്ന ഈ കട്ടൗട്ടുകൾ രാജ്യന്തര ശ്രദ്ധ നേടിയിരുന്നു.
ഇതിന് പിന്നാലെ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന പരാതി ഉയർന്നിരുന്നു. തുടർന്ന് മെസിയുടെയും നെയ്മറിന്റെയും വൈറൽ കട്ടൗട്ടുകൾ നീക്കം ചെയ്യാൻ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി നിർദേശിച്ചു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലയിരുന്നു നിർദേശം. ഇതിന് പിന്നാലെയാണ് പുതിയ കട്ടൗട്ട് സ്ഥാനം പിടിച്ചിരിക്കുന്നത്. ഖത്തർ ലോകകപ്പിന് മുന്നോടിയായിട്ടാണ് ആരാധകരുടെ ആവേശപ്രകടനം. അതേസമയം കട്ടൗട്ടുകൾ നീക്കം ചെയ്യാൻ പറഞ്ഞിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ ഒടുവിൽ നൽകുന്ന വിശദീകരണം
















Comments