ന്യൂഡൽഹി: ട്വിറ്ററിൽ വേരിഫൈഡ് അക്കൗണ്ടുകൾ ലഭിക്കുന്നതിന് പ്രതിമാസം 8 ഡോളർ ഈടാക്കാൻ ഒരുങ്ങുന്ന ഇലോൺ മസ്‌കിന്റെ നടപടിക്ക് പിന്തുണയുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിനെ ബൗദ്ധികമായും പ്രത്യയശാസ്ത്രപരമായും പ്രചോദിപ്പിക്കുന്ന നടപടിയെന്നാണ് കങ്കണ വിശേഷിപ്പിച്ചത്. വേരിഫൈഡ് അക്കൗണ്ട് ലഭിക്കുന്ന നടപടികൾ കൂടുതൽ ലളിതമാക്കണമെന്നും ആവശ്യപ്പെട്ടു.
ഇപ്പോൾ നിലവിലുള്ള ഏറ്റവും മികച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ട്വിറ്റർ. പക്ഷേ തിരഞ്ഞെടുക്കപ്പെടുന്ന ചിലർക്ക് മാത്രം വേരിഫൈഡ് അക്കൗണ്ട് ലഭിക്കുന്നു. തനിക്ക് വേരിഫൈഡ് അക്കൗണ്ട് ഉണ്ട്. എന്നാൽ തന്റെ പിതാവ് വേരിഫൈഡ് അക്കൗണ്ടിന് വേണ്ടി ശ്രമിച്ചാൽ മൂന്നോ നാലോ വിഡ്ഢികൾ ചേർന്ന് അതിന് തടയിടും. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന മട്ടിലാണ് തടസം സൃഷ്ടിക്കുക. അതിനാൽ ആധാർ കാർഡുള്ള എല്ലാവർക്കും ലഭിക്കുമെന്ന് പറയുന്നത് പോലെ വേരിഫിക്കേഷൻ ലഭിക്കാനുള്ള നടപടികൾ ലളിതമാക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഇൻസറ്റഗ്രാം സ്റ്റോറിയിലൂടെ താരത്തിന്റെ പ്രതികരണം.
”ഒരു ട്വിറ്റർ അക്കൗണ്ട് നിലനിർത്താൻ ഒരു നിശ്ചിത തുക നൽകുന്നത് അതിന്റെ സമഗ്രത വളർത്തിയെടുക്കാൻ മാത്രമേ സഹായിക്കൂ. ഈ ലോകത്ത് സൗജന്യ ഉച്ചഭക്ഷണം പോലുമില്ല. നിങ്ങൾ സ്വതന്ത്രമായി ആക്‌സസ് ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളെല്ലാം എങ്ങനെയാണ് നിലനിൽക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവയ്‌ക്ക് വെറുതെ നിലകൊള്ളാൻ സാധിക്കില്ല. അവർ ഡാറ്റ വിൽക്കുക മാത്രമല്ല, നിങ്ങളെ അവരുടെ ഭാഗമാക്കുന്നു, നിങ്ങളെ പൂർണമായും സ്വാധീനിക്കുന്നു. നിങ്ങളുടെ ദിവസത്തിലെ ഓരോ മിനിറ്റും അവർ ഉപയോഗിക്കുന്നു. അതുകൊണ്ട് സ്വയം സുസ്ഥിരമായ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നിർമ്മിക്കാൽ ശ്രമിക്കുന്നത് മോശമല്ല.” കങ്കണ പറഞ്ഞു.
















Comments