ഇസ്ലാമാബാദ്: പാകിസ്താനിൽ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമം തുടർക്കഥയാകുന്നു.പ്രായപൂർത്തിയാകാത്ത രണ്ട് ഹിന്ദുപെൺകുട്ടികളെ നിർബന്ധിപ്പിച്ച് മതംമാറ്റി വിവാഹം കഴിച്ചതായി പരാതി. സിന്ധ് പ്രവശ്യയിലെ ബാദിൻ ജില്ലയിലാണ് സംഭവം. 11 ഉം 13 ഉം വയസുള്ള സഹോദരിമാരെ 8 പേർ ചേർന്ന് തട്ടിക്കൊണ്ട് പോയതായി പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിക്കുന്നു.പാകിസ്താനിലെ മനുഷ്യാവകാശ പ്രവർത്തകനായ മഹേഷ് വാസുവിലൂടെയാണ് കുടുംബത്തിന്റെ ദുരവസ്ഥ പുറംലോകം അറിഞ്ഞത്.
സെപ്തംബർ 26 ന് 11 വയസുള്ള നിഷ എന്ന പെൺകുട്ടിയെ സാനാവുള്ള ദഹോക്കർ എന്ന മുസ്ലീം യുവാവും സംഘവും തട്ടിക്കൊണ്ടുപോയി മതംമാറ്റി നിയമവിരുദ്ധമായി വിവാഹം കഴിച്ചു. പിന്നാലെ ഒക്ടോബർ 14 ന് നിഷയുടെ സഹോദരിയായ 13 കാരി ഹീനയെ മുസ്തഫ ദഹോക്കർ എന്നയാളും സാനഉല്ലയും മറ്റ് ആറുപേരും ചേർന്ന് തട്ടിക്കൊണ്ട് പോയി ദർഗയിൽ വെച്ച് മതംമാറ്റി വിവാഹം കഴിച്ചു.
സിന്ധിൽ ശൈശവവിവാഹത്തിന് നിരോധനം നിലനിൽക്കെയാണ് രണ്ട് വിവാഹങ്ങളും നടന്നത്. സംഭവത്തിൽ കുടുംബം പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് പാകിസ്താനിലെ ഹിന്ദു സാമൂഹിക പ്രവർത്തർ പ്രതിഷേധിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
















Comments