ലക്‌നൗ: ഉത്തർപ്രദേശിൽ സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെ മുത്വലാഖ് ചൊല്ലി ഭർത്താവ്. ബഹ്‌റിയാച്ച് ജില്ലയിലെ കോട്ട്‌വാലിയിലാണ് സംഭവം. സംഭവത്തിൽ ഭർത്താവ് ഇമ്രാനെതിരെ പോലീസ് കേസ് എടുത്തു.
10 മാസങ്ങൾക്ക് മുൻപായിരുന്നു ഇമ്രാനുമായുള്ള യുവതിയുടെ വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിക്കാൻ ആരംഭിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു. ബൈക്കും പണവും സ്ത്രീധനമായി വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ തന്റെ പിതാവിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും അതിനാൽ തരാൻ കഴിയില്ലെന്നും യുവതി പറഞ്ഞു. ഇതോടെ ഇതിന്റെ പേരിൽ യുവതിയെ മർദ്ദിക്കാൻ ആരംഭിക്കുകയായിരുന്നു. ഭർത്താവ്, ഭർതൃ മാതാവ്, ഭർതൃസഹോദരൻ, ഭർതൃസഹോദരി, ഭർതൃപിതാവ് എന്നിവർ ചേർന്നായിരുന്നു ഉപദ്രവം. ഇതിനിടെ കഴിഞ്ഞ ദിവസം മുത്വലാഖ് ചൊല്ലി ബന്ധം വേർപെടുത്തുകയായിരുന്നു.
വീട്ടിൽ നിന്നും പുറത്താക്കിയതോടെ സ്വന്തം വീട്ടിലേക്ക് യുവതി മടങ്ങി. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















Comments