കൊച്ചി: സാങ്കേതിക സർവകലാശാല താത്കാലിക വൈസ് ചാൻസലറായി ഡോ.സിസ തോമസിനെ നിയമിച്ചതിനെതിരായ സർക്കാരിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നാണ് സർക്കാരിന്റെ വാദം. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കൂടാതെ നിയമനത്തിനാധാരമായ രേഖകൾ വിളിച്ചുവരുത്തണമെന്നും ഹർജിയിൽ പറയുന്നു.
ഹർജിയിൽ കോടതി തീർപ്പ് കൽപ്പിക്കും വരെ കേരളത്തിലെ മറ്റേതെങ്കിലും വിസിമാർക്ക് പകരം ചുമതല നൽകാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ശുപാർശ പ്രകാരമാണ് വിസി ചുമതലയിലേക്ക് ആളെ നിശ്ചയിക്കേണ്ടത്. സർക്കാർ ശുപാർശ കൂടാതെ സിസ തോമസിനെ ഗവർണർ സ്വന്തം താത്പര്യപ്രകാരം നിയമിച്ചത് സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം.
സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടറാണ് ഡോ. സിസ തോമസ്. താത്കാലിക ചുമതല ഏറ്റെടുക്കാൻ കെടിയുവിൽ എത്തിയപ്പോൾ ഇവർ നിരവധി പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. എസ്എഫ്‌ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകളും ജോലിക്കാരും സിസയെ തടഞ്ഞു. ഇത്തരത്തിൽ ഇവർ നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സിസ കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളിൽ വിസിയുടെ പൂർണ അധികാരം വിനിയോഗിക്കണമെന്നാണ് ഗവർണറുടെ നിർദേശം. സർവകലാശാല ഭരണസമിതിയുടെ ഭാഗത്ത് നിന്നും നിസ്സഹകരണമുണ്ടായാൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്.
















Comments