ചെങ്ങന്നൂർ: പട്ടിക ജാതിക്കാരിയ പഞ്ചായത്ത് പ്രസിഡന്റിനെ ജാതീയമായി അധിക്ഷേപിച്ച് എംഎൽഎയും മുൻ മന്ത്രിയുമായ സജി ചെറിയാൻ. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റിനെയാണ് പൊതു വേദിയിൽ വച്ച് എംഎൽഎ അധിക്ഷേപിച്ചത്. സിബിഎൽ പാണ്ടനാട് വള്ളംകളിയുടെ സമാപനവേദിയിലേക്ക് ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കുന്നതിനിടെയാണ് സജി ചെറിയാന്റെ മോശം പദപ്രയോഗം.
വള്ളംകളിയുമായി ബന്ധപ്പെട്ട് ‘ചെങ്ങന്നൂർ പെരുമ’ എന്ന പേരിൽ വിവിധ പരിപാടികൾ സംഘാടകർ നടത്തിയിരുന്നു. പഞ്ചായത്തുകൾ നടത്തിയ വിളംബര ഘോഷയാത്രയിൽ ഒന്നാം സ്ഥാനം നേടിയത് ചെറിയനാട് പഞ്ചായത്താണ്. അതിനുള്ള സമ്മാനം സ്വീകരിക്കാൻ ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ് വേദിയിലേയ്‌ക്ക് താമസിച്ചെത്തിയതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്.
പ്രസിഡന്റിനെ പലതവണ ക്ഷണിച്ചിട്ടും എത്താതിരുന്നപ്പോൾ ശബ്ദം താഴ്‌ത്തി സജി ചെറിയാൻ മോശം വാക്ക് ഉപയോഗിക്കുകയായിരുന്നു. പമ്പാ നദിയിൽ ജങ്കാറിലായിരുന്നു സമാപനവേദി. അവിടേക്ക് പ്രസന്ന രമേശിനെ ക്ഷണിക്കുമ്പോൾ അവർ മറ്റൊരു ജങ്കാറിലായിരുന്നു. അല്പം വൈകിയാണ് പ്രസിഡന്റ് വേദിയിലെത്തിയത്.
മൈക്കിന് മുന്നിലാണ് പട്ടികജാതിക്കാരിയായ സ്വന്തം പാർട്ടി പ്രവർത്തക കൂടിയായ ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റിനെ സജി ചെറിയാൻ മോശം വാക്ക് ഉപയോഗിച്ച് പരസ്യമായി അധിക്ഷേപിച്ചത്. സംഭവം വിവാദമായതോടെ, പാണ്ടനാട് പഞ്ചായത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ചിലർ നടത്തുന്ന കുപ്രചാരണമാണിതെന്ന് എംഎൽഎ ന്യായീകരിച്ചു. നേരത്തെ ഭരണഘടനയെ അവഹേളിച്ച സംഭവത്തിൽ സജി ചെറിയാന് മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ജാതീയ അധിക്ഷേപവും എംഎൽഎയ്‌ക്കെതിരെ ഉയർന്നുവരുന്നത്.
Comments