കാസർകോട് : വിഷം ഉള്ളിൽ ചെന്ന് യുവതി മരിച്ചു . ഭർത്താവിനെ അവശനിലയിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് വാടകവീട്ടിൽ താമസിക്കുന്ന വയനാട് പനമരം സ്വദേശി രമയാണ് മരിച്ചത്.ഇവരുടെ ഭർത്താവ് ജയപ്രകാശ് നാരായണനെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനു സമീപം കൊവ്വൽ എ.കെ.ജി. ക്ലബിനടുത്താണ് ഇരുവരും വാടകയ്‌ക്ക് താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ജയപ്രകാശ് 108 ആംബുലൻസിൽ വിളിക്കുകയായിരുന്നു. താനും ഭാര്യയും വിഷം കഴിച്ചുവെന്നും രക്ഷിക്കണമെന്നും പറഞ്ഞു. ആംബുലൻസ് എത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ രമ മരിച്ചിരുന്നു.
ഇതിനിടെ ഭാര്യയാണ് തനിക്ക് വെളുത്ത പൊടി തന്നതെന്ന് ഇയാൾ ഡോക്ടറോട് വെളിപ്പെടുത്തി. ഈ പൊടി കഴിച്ച് അൽപ്പം കഴിഞ്ഞപ്പോൾ ഛർദ്ദിക്കുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. ഭാര്യയോട് എന്താണ് തന്നതെന്ന് ചോദിച്ചപ്പോൾ വിഷമാണെന്നും താൻ നേരത്തേ കഴിച്ചിട്ടുണ്ടെന്ന് പറയുകയും ചെയ്തു. ഉടൻ താൻ ആംബുലൻസിനെ വിളിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ ജയപ്രകാശിന്റെ മൊഴി പൂർണമായി വിശ്വസിച്ചിട്ടില്ലെന്നും തുടരന്വേഷണത്തിലേ കാര്യങ്ങൾ വ്യക്തമാകൂവെന്നും ഹൊസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി. ഷൈൻ പറഞ്ഞു.
Comments