തിരുവനന്തപുരം : പാറശാലയിൽ കാമുകി വിഷം നൽകി കൊലപ്പെടുത്തിയെന്ന കേസിലെ ഷാരോണിന് ബിരുദ പരീക്ഷയിൽ മികച്ച വിജയം. ബിഎസ്സി റേഡിയോളജി എഴുത്തു പരീക്ഷയിലാണ് ഷാരോണിന് മികച്ച വിജയം നേടാൻ കഴിഞ്ഞത്. അദ്ധ്യാപകരും സഹപാഠികളുമാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്.
ഷാരോൺ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരോ ദിവസവും പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഇതിനിടെ കേസ് തമിഴ്‌നാട് പോലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് എ.ജിയുടെ നിയമോപദേശവും പുറത്ത് വന്നിരുന്നു. ഡിജിപി ഓഫീസിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് നിയമോപദേശം. കുറ്റകൃത്യം നടന്നത് തമിഴ്‌നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
എന്നാൽ കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റിയാൽ നീതി കിട്ടില്ലെന്ന് ഷാരോണിന്റെ കുടുംബം വ്യക്തമാക്കുന്നുണ്ട്. നല്ല രീതിയിൽ നടക്കുന്ന കേസ് അന്വഷണം തമിഴ്‌നാട്ടിലേക്ക് മാറ്റിയാൽ അട്ടിമറിക്കപ്പെടുമെന്ന് കുടുംബം പറയുന്നു.
കേസിലെ മുഖ്യ പ്രതിയായ ഗ്രീഷ്മയെ ചോദ്യം ചെയ്തതിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാൻ ആസൂത്രണം ചെയ്തതതാണെന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു. പലതവണ ജ്യൂസിൽ വിഷം കലക്കി കൊല്ലാൻ ശ്രമിച്ചതായും ഗ്രീഷ്മ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിരുന്നു.
Comments