ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവിൽപ്പോയ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്‌ക്ക് കൈമാറുമെന്ന് ലണ്ടൻ ഹൈക്കോടതി.നിലവിൽ ലണ്ടനിലെ ജയിലിലാണ് നീരവ് മോദി.ഇതു സംബന്ധിച്ച് നീരവ് മോദി നല്‍കിയ അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി.
13,500 കോടിയുടെ അഴിമതി നടത്തിയ നീരവ് മോദിയ്‌ക്കെതിരെ സാമ്പത്തിക ദുർവിനിയോഗ കേസിൽ ഇന്ത്യയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. നീരവ് മോദിയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടൻ കോടതിയിൽ ഇന്ത്യ നിരന്തരം വാദിച്ചിരുന്നു. ഇതിനെതിരെ നീരവ് മോദിയും ലണ്ടൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ ലണ്ടൻ കോടതി ഈ ഹർജി തള്ളുകയായിരുന്നു. ഇതോടെ നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാനുള്ള വഴി തെളിയുകയും ചെയ്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ, നീരവ് മോദിയെ ഇന്ത്യക്ക് കൈമാറണമെന്ന് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്നുമുതൽ നീരവ് മോദി വാൻഡ്സ്വർത്ത് ജയിലിലായിരുന്നു. എന്നാൽ ഈ ഉത്തരവിനെ ചോദ്യം ചെയ്ത് നീരവ് മോദി ലണ്ടൻ കോടതിയിൽ അപ്പീൽ ഹർജി നൽകി. തന്റെ മാനസികാരോഗ്യം മോശമാണെന്നാണ് 51 കാരനായ മോദി ഹർജിയിൽ അവകാശമുന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെ ഇന്ത്യയിലേക്ക് അയക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വജ്രവ്യാപാരിയായ നീരവ് 2019 മാര്‍ച്ചിലാണ് ലണ്ടനില്‍ അറസ്റ്റിലായത്. 13,500 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പു കേസിലെ പ്രധാന പ്രതിയായ നീരവ് മോദിയെ രാജ്യം വിട്ട സാമ്പത്തിക കുറ്റവാളിയായി 2019 ഡിസംബറിൽ ഇന്ത്യയിലെ പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്നു.
ഈ തട്ടിപ്പിലൂടെ നീരവ് മോദിയുടെ നിയന്ത്രണത്തിലുള്ള കമ്പനികൾക്ക് സാമ്പത്തിക ഗുണം ഉണ്ടായെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതോടൊപ്പം, തെളിവ് നശിപ്പിക്കൽ, സാക്ഷികളെ കൊലപ്പെടുത്തൽ തുടങ്ങിയ കേസുകളിലും നീരവ് മോദിക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്.
















Comments