പല്ലുകളിൽ പോട് വന്നിട്ടുണ്ടോ? അനുഭവിക്കുന്നവർക്ക് അത് ഒരു വലിയ പ്രശ്‌നമാണ്. പല്ലുകളിലെ പോടും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും നിസാരമായി കാണാനാകില്ല. 10 പേരെയെടുത്താൽ അതിൽ ഏഴ് പേരും ദന്തക്ഷയത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരായിരിക്കും. പല്ലിലെ പോടും ഇതേ തുടർന്നുണ്ടാകുന്ന വേദനയും അസഹനീയമാണ്. ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത തരത്തിലേക്ക് ചിലപ്പോഴെല്ലാം ഈ പ്രശ്‌നം നമ്മെ കൊണ്ടെത്തിക്കുകയും ചെയ്യും. എന്നാൽ ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ പല്ലിലെ പോടും ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങളിൽ നിന്നും നമുക്ക് രക്ഷപ്പെടാം.
ഗ്രാമ്പൂ
ദന്തസംബന്ധമായ പ്രശ്‌നങ്ങൾക്ക് ഏറ്റവും മികച്ച പ്രതിവിധിയാണ് ഗ്രാമ്പൂ. പല്ല് വേദനയില്ലാതാക്കാനും, പല്ലിലെ പോടുകൾ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് ഇല്ലാതാക്കാനും ഗ്രാമ്പൂവിന് കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി-ഇൻഫ്‌ളമേറ്ററി, ആന്റീ ബാക്ടീരിയൽ ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്.
വെളുത്തുള്ളി
വയറിന്റെ മാത്രമല്ല പല്ലിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ് വെളുത്തുള്ളി. ഇത് പതിവായി കഴിക്കുന്നത് പല്ലിന്റെയും മോണയുടെയും ആരോഗ്യം വർദ്ധിപ്പിക്കും. വെളുത്തുള്ളിയിൽ ധാരാളം ആന്റി ഫംഗൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ വായിലെ ബാക്ടീരിയകളെ നശിപ്പിക്കാൻ വെളുത്തുള്ളിയ്‌ക്ക് കഴിയും. ഇതിന് പുറമേ മികച്ച വേദന സംഹാരികൂടിയാണ് വെളുത്തുള്ളി.
ആര്യവേപ്പ്
ആര്യവേപ്പില പല്ലിന് ഏറെ മികച്ചതാണ് എന്ന കാര്യം ചെറുപ്പകാലം മുതൽ തന്നെ നമുക്ക് അറിയാവുന്ന കാര്യമാണ്. പണ്ട് കാലത്ത് ആര്യവേപ്പിന്റെ ഇലകളും കമ്പും ഉപയോഗിച്ച് ആയിരുന്നു ആളുകൾ പല്ലുതേച്ചിരുന്നത്. അതുകൊണ്ടുതന്നെ ഉറപ്പുള്ള പല്ലുകളായിരുന്നു അവർക്കുണ്ടായിരുന്നത്. ഫൈബറിനാൽ സമ്പുഷ്ടമാണ് ആര്യവേപ്പ്. ഇത് പല്ലുകളിലെ പ്ലാക്കുകളെ അകറ്റി നിർത്തുന്നു. അതുവഴി പല്ല് വേഗത്തിൽ കേടുവരുന്നതും തടയുന്നു.
മഞ്ഞൾ
കറികളിൽ ഒഴിച്ചു നിർത്താനാകാത്ത ഒന്നാണ് മഞ്ഞൾ. കറികൾക്ക് രുചി കൂട്ടാൻ മാത്രമല്ല പല്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തടയാനും മഞ്ഞളിന് സാധിക്കും. പല്ലിൽ പോടുള്ള ഭാഗത്ത് മഞ്ഞൾ തേച്ച ശേഷം അൽപ്പ നേരത്തിന് ശേഷം വായ കഴുകുക. ഇത് പല്ലിലെ പോട് മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുകയും, വേദന ഇല്ലാതാക്കുകയും ചെയ്യുന്നു. കടുകെണ്ണയിൽ മഞ്ഞൾ ചേർത്ത് പല്ലിലും മോണയിലും മസാജ് ചെയ്യുന്നതും ഉത്തമമാണ്.
ചെറുനാരങ്ങ
വിറ്റാമിൻ സിയുടെ കലവറയായ ചെറുനാരങ്ങ നമ്മുടെ പല്ലിന്റെ ആരോഗ്യത്തിന് ഏറെ മികച്ചതാണ്. നാരങ്ങ നീരിൽ അടങ്ങിയിരിക്കുന്ന അവശ്യ ആസിഡുകൾ പല്ലുകളിലെ അണുക്കളെ കൊല്ലാൻ സഹായിക്കുന്നു. ഇത് വേഗത്തിൽ പല്ലു കേടുവരുന്നത് തടയുന്നു. പല്ലു വേദനയുണ്ടെങ്കിൽ പോടുള്ള ഭാഗത്തുവെച്ച് നാരങ്ങ ചവയ്‌ക്കുകയോ കടിച്ച് പിടിക്കുകയോ ചെയ്യാം. ഇത് പല്ലുവേദന കുറയ്‌ക്കുന്നു.
















Comments