അബുദാബി: അൽഐൻ റോഡിലെ വേഗപരിധി മണിക്കൂറിൽ 160 കി.മീറ്ററിൽനിന്ന് 140 കി.മീ ആക്കി കുറക്കാൻ തീരുമാനം. ഈ മാസം 14 മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ വരും. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.
അൽസാദ് പാലം മുതൽ അൽഅമീറ പാലം വരെയുള്ള ഭാഗങ്ങളിലാണ് വേഗപരിധി കുറച്ചത്. പുതിയ വേഗപരിധി കർശനമായി പാലിക്കാൻ അബുദാബി പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. അപകടം കുറയ്‌ക്കുന്നതിന്റെ ഭാഗമായുള്ള സർവ്വേയിലാണ് വേഗപരിധി കുറയ്‌ക്കാനുള്ള നിർദ്ദേശമുണ്ടായത്. അമിത വേഗം മൂലം അബുദാബിഅൽഐൻ റോഡിൽ ഫെബ്രുവരിയിലുണ്ടായ അപകടത്തിൽ 2 പേർ മരിക്കുകയും 11 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.
പെട്ടെന്നുള്ള ലെയ്ൻ മാറ്റം, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കൽ, അമിത വേഗം എന്നിവയാണ് അപകടത്തിലേക്കു നയിക്കുന്ന പ്രധാന ഘടകങ്ങൾ. വേഗപരിധി കുറച്ചതനുസരിച്ച് റോഡിലെ ക്യാമറകളും പുനഃക്രമീകരിച്ചു.
തിങ്കളാഴ്ച മുതൽ വേഗം മണിക്കൂറിൽ 140 കി.മീ മറികടന്നാൽ നിയമലംഘനം രേഖപ്പെടുത്തും.
2018 മുതൽ അബുദാബിയിൽ ബഫർ സ്പീഡ് മാറ്റിയിരുന്നു. അതിനാൽ ഓരോ റോഡിലെയും ബോർഡിൽ കാണുന്നതാണ് പരമാവധി വേഗം. എന്നാൽ ദുബായ് ഉൾപ്പെടെ മറ്റു എമിറേറ്റുകളിൽ ബഫർ സ്പീഡ് നിലനിൽക്കുന്നതിനാൽ റോഡിലെ പരിധിയെക്കാൾ മണിക്കൂറിൽ 20.കി.മീ വരെ വേഗത്തിൽ പോയാലും നിയമലംഘനം രേഖപ്പെടുത്തില്ല. ഉദാഹരണത്തിന് മണിക്കൂറിൽ 80 കി.മീ സ്പീഡ് രേഖപ്പെടുത്തിയ റോഡിൽ 100 കി.മീ വരെ പോകാം. 101 ആയാലേ ക്യാമറ നിയമലംഘനം പകർത്തുകയുള്ളൂ.
Comments