ബംഗളൂരു : ബംഗളൂരു സ്ഥാപകൻ നാദപ്രഭു കെംപഗൗഡയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 108 അടി ഉയരമുള്ള വെങ്കല പ്രതിമയാണ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. അഭിവൃദ്ധിയുടെ പ്രതിമ ( സ്റ്റാച്യൂ ഓഫ് പ്രോസ്പിരിറ്റി) എന്നാണിത് അറിയപ്പെടുക.
പ്രതിമയ്‌ക്ക് 220 ടൺ ഭാരമുണ്ട്. 4 ടൺ ഭാരമുള്ള വാളും ഇതിലുണ്ട്. 98 ടൺ വെങ്കലവും 120 ടൺ സ്റ്റീലും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സ് അനുസരിച്ച്, ഒരു നഗരത്തിന്റെ സ്ഥാപകന്റെ ആദ്യത്തേതും ഏറ്റവും ഉയരം കൂടിയതുമായി വെങ്കല പ്രതിമയാണിത്.
ബംഗളൂരു നഗരത്തിന്റെ വളർച്ചയ്‌ക്കായി നാദപ്രഭു കെംപഗൗഡ നൽകിയ സംഭാവനകളുടെ സ്മരണയ്‌ക്ക് വേണ്ടിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്റെ കീഴിലുള്ള ഒരു ഭരണാധികാരിയായിരുന്നു നാദപ്രഭു കെംപഗൗഡ. ഇന്ന് ബംഗളൂരു എന്നറിയപ്പെടുന്ന നഗരത്തിന് 1537 ൽ അടിത്തറ പാകിയ മഹാവ്യക്തിത്വമാണ് അദ്ദേഹം.
തന്റെ മന്ത്രിക്കും ഉപദേശകനുമൊപ്പം വേട്ടയാടുന്നതിനിടെയാണ് പുതിയ നഗരം പണിയാനുള്ള ആശയം നാദപ്രഭുവിന്റെ മനസിലുദിക്കുന്നത്. തുടർന്ന് നഗരത്തിൽ ക്ഷേത്രങ്ങൾ, കോട്ട, വാട്ടർ ടാങ്കുകൾ, കന്റോൺമെന്റ് എന്നിവ നിർമ്മിക്കാൻ നാദപ്രഭു കെംപഗൗഡ പദ്ധതിയിട്ടു. അച്യുതരായ ചക്രവർത്തിയിൽ നിന്ന് അനുവാദം ലഭിച്ച ശേഷം, അദ്ദേഹം ബംഗളൂരു കോട്ടയും പട്ടണവും നിർമ്മിച്ചു. എഡി 1537ൽ ലാണ് അദ്ദേഹം നഗരം നിർമ്മിക്കാനാരംഭിച്ചത്.
സമൂഹത്തിൽ നിലനിന്നിരുന്ന ക്രൂരമായ ചില ആചാരങ്ങളും അദ്ദേഹം തുടച്ചുനീക്കി. വിധവകളായ സ്ത്രീകൾ ഇടതുകൈയിലെ വിരലുകൾ മുറിച്ചുകളയുന്ന സമ്പ്രദായമായിരുന്നു ബന്ദി ദേവരു. ഇത് നിരോധിച്ചത് നാദപ്രഭുവാണ്.
കന്നഡ കൂടാതെ മറ്റ് ഭാഷകളിലും അദ്ദേഹം വിദഗ്ധനായിരുന്നു. തെലുങ്കിൽ ഗംഗാഗൗരിവിലാസം എന്ന പേരിൽ ഒരു യക്ഷഗാന നാടകം രചിച്ചിട്ടുണ്ട്. 1569-ലാണ് നാദപ്രഭു കെംപഗൗഡ മരിച്ചത് എന്ന് ചരിത്രം പറയുന്നു.
കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം 23 ഏക്കർ ഹെറിറ്റേജ് പാർക്കിലാണ് ഈ കൂറ്റൻ നിർമിതി നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത ശിൽപിയും പത്മഭൂഷൺ പുരസ്‌കാര ജേതാവുമായ രാം വന്ജി സുതാറാണ് 84 കോടി രൂപ ചെലവ് വരുന്ന പ്രതിമ രൂപകല്പന ചെയ്തത് . ഗുജറാത്തിലെ ഏകതാ പ്രതിമയും, ബംഗളൂരുവിലെ വിധാൻ സൗധയിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ എന്നിവയും സുതാർ ആണ് നിർമിച്ചത്.
















Comments