ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട ആറ് പേരെ ജയിൽമോചിതരാക്കാനുള്ള സുപ്രീം കോടതി ഉത്തരവിൽ നിരാശ രേഖപ്പെടുത്തി കോൺഗ്രസ്. ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതികളെ വിട്ടയക്കാനുള്ള കോടതി ഉത്തരവിൽ അതൃപ്തിയുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീം കോടതിയുടെ തീരുമാനം തെറ്റാണെന്നും തികച്ചും അസ്വീകാര്യമാണെന്നും കോൺഗ്രസ് എംപിയും കമ്മ്യൂണിക്കേഷൻസ് ഇൻ-ചാർജ് ജനറൽ സെക്രട്ടറിയുമായ ജയറാം രമേശ് പറഞ്ഞു. കോടതി വിധി ദൗർഭാഗ്യകരമാണ്, രാജ്യത്തിന്റെ വികാരം മനസിലാക്കാത്ത വിധിയാണെന്നും ജയറാം രമേശ് കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധിയ്‌ക്കൊപ്പം കൊല്ലപ്പെട്ട ഒരാളുടെ മകൻ അബ്ബാസും സുപ്രീം കോടതി വിധിയിൽ അതൃപ്തി പ്രകടിപ്പിച്ചു. മോശം വിധിയെന്ന് വിശേഷിപ്പിച്ച അബ്ബാസ്, കോടതിയുടെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞു.
”ഇത് ദുരന്ത വിധിയാണ്. ആദ്യം പേരറിവാളൻ പുറത്തിറങ്ങി. വളരെ പ്രയാസത്തോടെയാണ് അത് അംഗീകരിച്ചത്. എന്നാൽ ഇപ്പോഴുണ്ടായ സുപ്രീം കോടതി വിധി തികച്ചും മോശമാണ്. അംഗീകരിക്കാനാകില്ല. തനിക്ക് ആദ്യം നഷ്ടപ്പെട്ടത് അച്ഛനെയാണ്. പിന്നീട് അമ്മയും മരിച്ചു. ഇതിന്റെയെല്ലാം വേദന അനുഭവിച്ചതും കഷ്ടപ്പെട്ടതും താനാണ്. അന്ന് നിരപരാധികളായ 11 തമിഴർ കൊല്ലപ്പെട്ടു. ഇതേ സുപ്രീം കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഇപ്പോൾ ഇതേ കോടതി പ്രതികളെ വിട്ടയച്ചു. അതെന്തിനാണ്? ഇരയ്‌ക്ക് ഒരു അവകാശവുമില്ലേ?” അബ്ബാസ് പ്രതികരിച്ചു. ഇത് പൂർണമായും രാഷ്‌ട്രീയപ്രേരിതമാണെന്നും വോട്ടിന് വേണ്ടിയാണ് രാഷ്‌ട്രീയക്കാർ ഇതിന് പിന്തുണ നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി നേരത്തെ ഇളവ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആറ് പേരെയും വിട്ടയക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. നളിനി ഉൾപ്പെടെ ആറ് പേരാണ് കോടതിവിധി പ്രകാരം ഇനി പുറത്തിറങ്ങുക. പ്രതികളിലൊരാളായ നളിനിയുടെ സഹോദരൻ രവി സുപ്രീം കോടതി ഉത്തരവിൽ സന്തോഷം പ്രകടിപ്പിച്ചു. 30 വർഷങ്ങൾക്ക് ശേഷം അവൾ പുറത്തിറങ്ങാൻ പോകുകയാണ്. കടന്നുപോയത് ഒരുപാട് സങ്കടങ്ങളിലൂടെയാണെന്നും അവൾക്ക് ഇനി നല്ല ജീവിതം ലഭിക്കണമെന്നും സഹോദരൻ രവി പ്രതികരിച്ചു.
















Comments