മോസ്‌കോ: ഖേഴ്‌സണിൽ നിന്നും മോസ്‌കോ സൈന്യം പിന്മാറാനെടുത്ത തീരുമാനം റഷ്യയുടെ ആഭ്യന്തര രംഗത്തെ സമ്മർദ്ദമെന്ന് സൂചന. ക്രിമിയയിലേക്കുളള ഏക മാർഗ്ഗം തെക്കൻ പ്രവിശ്യയായ ഖേഴ്‌സൺ ആണെന്നിരിക്കേ നിലവിൽ പിന്മാറാൻ എടുത്ത തീരുമാനത്തെ കരുതലോടെ എടുക്കണമെന്നാണ് സെലൻസ്‌കിയുടെ മുന്നറിയിപ്പ്.
ഡാനിപ്രോ നദിയുടെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് മാത്രം പ്രതിരോധമെന്ന നയമാണ് തങ്ങളുടേതെന്ന് റഷ്യൻ ജനറൽ സെർജീ സുറോവികിൻ പ്രസ്താവന നടത്തിക്കഴിഞ്ഞു. തങ്ങൾക്ക് സൈനികരുടെ ജീവനാണ് വലുതെന്ന സെർജിയുടെ പ്രസ്താവന തന്നെ യുദ്ധത്തി നെതിരെ റഷ്യൻ മണ്ണിൽ കടുത്ത അമർഷം പുകയുന്നുവെന്നതിന്റെ സൂചനയാണെന്നാണ് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഡാനിപ്രോ നദിയുടെ പടിഞ്ഞാറൻ മേഖലയായ ഖേഴ്‌സണിൽ നിന്നും റഷ്യൻ കവചിത വാഹനങ്ങളിലും ടാങ്കുകളിലുമായി സൈനികർ മടങ്ങുന്ന ശബ്ദം മുഴങ്ങുന്നുണ്ടെന്നാണ് ജനങ്ങൾ പറയുന്നത്. ക്രിമിയൻ മേഖലയുടെ വടക്കുമാറി കരിങ്കടലിലേയ്‌ക്കാണ് ഡാനിപ്രോ നദി പതിക്കുന്നത്. എന്നാൽ അമിതാവേശം ആരും കാണിക്കരുതെന്നാണ് സെലൻസ്‌കിയുടെ മുന്നറിയിപ്പ്. ശത്രുക്കൾ ഒരിക്കലും നമുക്ക് സമ്മാനങ്ങളൊന്നും നൽകില്ലെന്നോർക്കണ മെന്നും സെലൻസ്‌കി പറഞ്ഞു.
ഒരു കാരണവശാലും അന്താരാഷ്‌ട്ര തലത്തിൽ ഉറപ്പുകിട്ടാതെ ഖേഴ്‌സൺ മേഖലയിലേയ്‌ക്ക് പ്രവേശിക്കരുതെന്നാണ് സെലൻസ്‌കി യുക്രെയ്ൻ സൈനികർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. യുക്രെയ്ൻ സൈനികരെ ഒളിയാക്രമണത്തിലൂടെ കൊല്ലാൻ സാദ്ധ്യതയുണ്ടെന്നും സെലൻസ്‌കി സൂചന നൽകി. പിന്മാറ്റം കൂടുതൽ സൈനിക ശക്തിയാർജ്ജിക്കാനുള്ള തന്ത്രമാണെന്നും മുന്നറിയിപ്പുണ്ട്.
















Comments