നുക്കുവാലോഫ: റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതോടെ ടോംഗയിൽ സുനാമി മുന്നറിയിപ്പ്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു ദ്വീപ് രാജ്യമായ ടോംഗയ്‌ക്ക് സമീപം ഭൂചലനമുണ്ടായത്.
യുഎസ് ജിയോളജിക്കൽ സർവേ പുറത്തുവിടുന്ന റിപ്പോർട്ട് പ്രകാരം നെയാഫു ടൗണിന് 200 മീറ്റർ അകലെയായി സമുദ്രത്തിൽ 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്. പസഫിക് ദ്വീപസമൂഹത്തിന്റെ വടക്കുകിഴക്ക് ഭാഗത്താണ് നെയാഫു ടൗൺ സ്ഥിതി ചെയ്യുന്നത്.
ഭൂചലനത്തിന് പിന്നാലെ ടോംഗ സർക്കാരാണ് സുനാമി മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകിയത്. ഇനിയൊരറിയിപ്പ് ലഭിക്കുന്നത് വരെ ദ്വീപിൽ നിന്നും ജനങ്ങൾ മാറിതാമസിക്കണമെന്ന് സർക്കാർ നിർദേശിച്ചു.
കഴിഞ്ഞ ജനുവരിയിലുണ്ടായ സുനാമിയിൽ ടോംഗയിൽ നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. മൂന്ന് പേർ മരിക്കുകയും ചെയ്തു. വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നഷ്ടപ്പെട്ട് ഒരുലക്ഷത്തിലധികം ആളുകളാണ് ദുരിതത്തിലായത്.
Comments