ചെന്നൈ : തെന്നിന്ത്യയുടെ സംഗീത ചക്രവർത്തി ഇളയരാജയ്‌ക്ക് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . തമിഴ്നാട്ടിലെ ദിണ്ടിഗലിലെ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 36-ാമത് ബിരുദദാന ചടങ്ങിൽ വച്ചാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഗാന്ധിഗ്രാം ഉദ്ഘാടനം ചെയ്തത് മഹാത്മാഗാന്ധി തന്നെയാണ്. ഗ്രാമവികസനത്തെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ആശയങ്ങളുടെ ആത്മാവ് ഇവിടെ കാണാൻ കഴിയുന്നുണ്ടെന്നും ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.
ഗാന്ധിയൻ മൂല്യങ്ങൾ കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ പല പ്രതിസന്ധികൾക്കുമുള്ള ഉത്തരം ഗാന്ധിയുടെ ആശയങ്ങളിൽ ഉണ്ട്. സർക്കാർ ആത്മനിർഭർ ഭാരത് ലക്ഷ്യമാക്കി പ്രവർത്തിക്കുന്നത് അദ്ദേഹത്തിന്റെ സ്വാശ്രയ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്.
നഗരങ്ങളും ഗ്രാമങ്ങളും തമ്മിൽ നാളുകളായി അസമത്വം നിലനിന്നിരുന്നു. എന്നാൽ ഇന്ന് രാഷ്‌ട്രം അത് തിരുത്തിയിരിക്കുന്നു. ഖാദി എന്നതിനെ ആളുകൾ മറന്നിരുന്നു. എന്നാൽ ഖാദി ഫോർ നേഷൻ, ഖാദി ഫോർ ഫാഷൻ എന്ന ആഹ്വാനത്തിലൂടെ അത് വീണ്ടും ജനങ്ങൾക്കിടയിലേക്ക് വന്നിരിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.ചടങ്ങിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ഗവർണർ ആർഎൻ രവി എന്നിവരും പങ്കെടുത്തിരുന്നു.
Comments