ന്യൂഡൽഹി: രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ നിർമ്മിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്ന ബുദ്ധ പ്രതിമയുമായി വിദേശ പൗരൻ വാഗാ അതിർത്തിയിൽ പിടിയിലായി. സംശയാസ്പദമായ സാഹചര്യത്തിൽ അതിർത്തിയിൽ കണ്ട വിദേശിയുടെ ബാഗ് പരിശോധിച്ച ഇന്ത്യൻ സംഘമാണ് ഇയാളെ പിടികൂടിയത്. കൂടുതൽ അന്വേഷണത്തിനായി, പിടിയിലായ വ്യക്തിയെ കസ്റ്റംസ് അധികൃതർക്ക് കൈമാറി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ഗാന്ധാര ശിൽപ്പകലാ സമ്പ്രദായത്തിലുള്ളതാണ് പിടികൂടിയ ബുദ്ധ പ്രതിമയെന്ന് പുരാവസ്തു വകുപ്പ് സ്ഥിരീകരിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. കേസിൽ പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷം വിശദമായ വാർത്താ സമ്മേളനം നടത്തുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും കസ്റ്റംസും അറിയിച്ചു.
Comments