ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വിവാഹ മോചനം നേടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നിലെ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ പുരോഗമിക്കുന്നത്. ഇതിനിടെ ഇരുവരും ബന്ധം വേർപ്പെടുത്തിയെന്ന് വെളിപ്പെടുത്തി ഒരാൾ രംഗത്തെത്തുകയും ചെയ്തിരുന്നു. ഷൊയ്ബ് മാലിക്കുമായി അടുത്ത ബന്ധമുള്ളയാളാണ് ഇക്കാര്യം അറിയിച്ചത്.
”തകർന്ന ഹൃദയങ്ങൾ എവിടേക്കാണ് പോകുന്നത്-ദൈവത്തെ കണ്ടെത്താൻ” എന്ന അടിക്കുറിപ്പോടെ സാനിയ മിർസ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റായിരുന്നു അഭ്യൂഹങ്ങളുടെ തുടക്കം. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം പാക് നടിയായ ആയിഷ ഒമർ ആണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
മോഡലും പാകിസ്താനി നടിയുമായ ആയിഷ ഒമറാണ് സാനിയ-ഷുഹൈബ് വിഷയത്തിനിടെ ചർച്ചയാകുന്ന പുതിയ വ്യക്തിത്വം. സാനിയ മിർസയെ ഷൊയ്ബ് വഞ്ചിച്ചുവെന്നും ഇതിന് കാരണം ആയിഷ ഒമർ ആണെന്നുമാണ് പാകിസ്താനി മാദ്ധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത്. ഗായികയായും അവതാരകയായും പാകിസ്താനിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളയാളാണ് ആയിഷ ഒമർ.
പാകിസ്താൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന് ആയിഷയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇരുവരും തമ്മിലുള്ള ഫോട്ടോഷൂട്ട് 2021ൽ നടന്നിരുന്നു. ഒരു മാഗസീന് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട് നടന്നത്. ഇതിന് ശേഷം ആയിഷയുമായുള്ള ഷൊയ്ബിന്റെ സൗഹൃദം വളർന്നുവെന്നാണ് വിവരം. പാകിസ്താനിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന അഭിനേത്രികളിൽ ഒരാൾ കൂടിയാണ് ചർച്ചാ വിഷയമായിരിക്കുന്ന ആയിഷ ഒമർ. ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇക്കാര്യത്തിൽ നേരിട്ട് പ്രതികരണമറിയിക്കാൻ ഷൊയ്ബും സാനിയയും തയ്യാറായിട്ടില്ല.
Comments