വയനാട് : ജില്ലയിൽ നായ്‌ക്കൾ വൈറസ് ബാധയെ തുടർന്ന് ചത്ത് വീഴുന്നു. കണിയാമ്പറ്റ പഞ്ചായത്തിന്റെ വിവിധയിടങ്ങിലെ വളർത്തുനായ്‌ക്കളും തെരുവുനായ്‌ക്കളുമാണ് കൂട്ടത്തോടെ ചത്ത് വീണത്. മൂക്ക് , വായ എന്നിവിടങ്ങളിൽ നിന്ന് നുരയും പതയും വന്ന് വിറച്ച് കൊണ്ടാണ് നായ്‌ക്കൾ ചാകുന്നത്. വൈറസ് ബാധിച്ചാൽ ഭക്ഷണം കഴിക്കാനാകാതെ ശരീരം തളർന്നാണ് ഇവയുടെ മരണം സംഭവിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ കമ്പളക്കാട് മാത്രം ചത്തത് അഞ്ച് നായ്‌ക്കളാണ്. ഇതിന് പുറമെ കണിയാമ്പറ്റയിലും മൃഗാശുപത്രിക്കവലയിലും കഴിഞ്ഞ ദിവസങ്ങളിലായി സമാനരീതിയിൽ നായ്‌ക്കൾ ചത്ത് വീണിരുന്നു. വഴിയോരങ്ങളിലും ബസ് സ്റ്റാൻഡ് പരിസരങ്ങളിലും കടത്തിണ്ണകളിലും ഇത്തരത്തിൽ രോഗം ബാധിച്ച നായകളെ കണ്ടതായി കച്ചവടക്കാരും ചൂണ്ടിക്കാട്ടി.
സംഭവത്തിൽ മൃഗവകുപ്പ് നടത്തിയ പരിശോധനയിൽ വായുവിലൂടെ പകരുന്ന കനൈൻ ഡിസ്റ്റംബർ എന്ന വൈറസാണ് ഇതിന് കാരണമെന്ന് കണ്ടെത്തി. നായ്‌ക്കൾക്ക് പുറമെ മരപ്പട്ടി, കുറുനരി, കുറുക്കൻ, സിംഹം എന്നിവയെയും ഈ രോഗം ബാധിക്കാറുണ്ട്. വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക മാത്രമാണ് ഇതിന് പ്രതിവിധിയെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നു. ഇതിനിടെ രോഗം ബാധിച്ച ചില നായകൾക്ക് ഛർദിയും ചുമയും വയറിളക്കവും അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു.
Comments