എറണാകുളം: രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന സി എ റൗഫിനെ ചോദ്യം ചെയ്ത് ഇന്റലിജൻസ് ബ്യൂറോ. എൻ ഐ എ കസ്റ്റഡിയിലിരിക്കെയാണ് ഐ ബി ഉദ്യോഗസ്ഥരും വിശദമായി ചോദ്യം ചെയ്തത്. എൻ ഐ എ കസ്റ്റഡി കാലാവധി പൂർത്തിയായ റൗഫ് വീണ്ടും റിമാന്റിലാണ്.
രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്തപ്പോൾ പാലക്കാട്ടെ ആർ എസ് എസ് നേതാവായിരുന്ന എ ശ്രീനിവാസൻ കൊലപാതകക്കേസിൽ സി എ റൗഫിനുള്ള പങ്കാളിത്തവും വ്യക്തമായിരുന്നു. കൊലപാതകക്കേസിൽ സി എ റൗഫുമായി പാലക്കാട് ജില്ലാ ആശുപത്രി പരിസരത്തും എൻ ഐ എ തെളിവെടുപ്പ് നടത്തിയിരുന്നു. വിവിധ കേസുകളിൽ നിരോധിത ഭീകര സംഘടനാ നേതാവ് സി എ റൗഫിനുള്ള പങ്കാളിത്തം വ്യക്തമായതോടെയാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും കൊച്ചി എൻ ഐ എ ഓഫീസിലെത്തി സി എ റൗഫിനെ ചോദ്യം ചെയ്തത്.
രാജ്യദ്രോഹം, കൊലപാതകം, ഭീകരവാദ ബന്ധം, ഭീകരവാദ റിക്രൂട്ടിംഗ്, കള്ളപ്പണ ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഐ ബി യും റൗഫിനെ ചോദ്യം ചെയ്തത്. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ രഹസ്യമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങളുണ്ടെന്നും, രഹസ്യ കേന്ദ്രങ്ങളിൽ പലതവണ പ്രധാന നേതാക്കൾ പങ്കെടുത്ത യോഗങ്ങൾ നടന്നിരുന്നെന്നുമുള്ള വിവരം ഐ ബി ക്കും, എൻ ഐ എ യ്‌ക്കും ലഭിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും ഐ ബിക്ക് ലഭിച്ചു.
തിങ്കളാഴ്ച മുതൽ ആറ് ദിവസത്തെ കസ്റ്റഡിയിൽ പ്രത്യേക കോടതി എൻ ഐ എ യ്‌ക്ക് സി എ റൗഫിനെ വിട്ടു നൽകിയിരുന്നു. ഈ ദിവസങ്ങളിൽ എൻ ഐ എ യും, റൗഫിനെ വിശദമായി ചോദ്യം ചെയ്തു. നിരോധനത്തിന് പിന്നാലെ ഹർത്താലിന്റെ മറവിൽ നടന്ന വ്യാപക കലാപത്തിന് ആഹ്വാനം ചെയ്തതും റൗഫായിരുന്നു. ഒക്ടോബർ 28 ന് പുലർച്ചെ പട്ടാമ്പിയിലെ വീട് വളഞ്ഞായിരുന്നു എൻ ഐ എ റൗഫിനെ പിടികൂടിയത്.
Comments