തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് ഒടുവിൽ രാജ്ഭവനിലെത്തി. ഇതോടെ മൂന്ന് ദിവസമായി നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്ക് വിരാമമായി. ഇനി ഓർഡിനൻസിൽ ഗവർണർ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചിട്ടും ഗവർണർക്ക് അയക്കാതിരുന്നത് ഏറെ ചർച്ചയായിരുന്നു. എന്തുകൊണ്ടാണ് ഓർഡിനൻസ് അയക്കാൻ വൈകുന്നതെന്ന ചോദ്യത്തിനും സർക്കാർ വിശദീകരണം നൽകിയിരുന്നില്ല. ഒടുവിൽ മന്ത്രിസഭാ അംഗീകാരം ലഭിച്ച് മൂന്ന് ദിവസത്തിന് ശേഷം ഓർഡിനൻസ് ലഭിച്ചതായി രാജ്ഭവൻ സ്ഥിരീകരിച്ചിരിക്കുകയാണ്.
ഓർഡിനൻസ് രാജ്ഭവനിലെത്തിയ പശ്ചാത്തലത്തിൽ ഗവർണർ ഒപ്പിടുന്നതാണ് മര്യാദയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. ജനാധിപത്യമായി അതല്ലേ ശരിയെന്നും മന്ത്രി ചോദിച്ചു. എന്നാൽ തന്നെ ബാധിക്കുന്ന ഓർഡിനൻസ് ആയതിനാൽ ഇക്കാര്യത്തിൽ താൻ തീരുമാനമെടുക്കില്ലെന്നും രാഷ്‌ട്രപതിക്ക് അയക്കുമെന്നുമാണ് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇത്തരത്തിൽ ഓർഡിനൻസ് രാഷ്‌ട്രപതി പരിഗണിക്കുകയാണെങ്കിൽ അതിന് പകരമായി നിയമസസഭയിൽ ബിൽ കൊണ്ടുവരാനാണ് സർക്കാരിന്റെ നീക്കം.
















Comments