അമരാവതി : ലോകത്തിന്റെ പ്രതീക്ഷകളുടെ കേന്ദ്ര ബിന്ദുവായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പലരാജ്യങ്ങളും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ആവശ്യ സാധനങ്ങളിലെ കുറവ് , ഊർജ്ജ പ്രതിസന്ധി , സാമ്പത്തിക തകർച്ച അങ്ങനെ നിരവധി പ്രതിസന്ധികൾ ചില രാജ്യങ്ങൾ അഭിമുഖീകരിക്കുന്നു. ഈ സാഹചര്യത്തിൽ ലോകം വളരെ ശ്രദ്ധയോടെയാണ് നമ്മളെ ഉറ്റുനോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്രാ യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ പല മേഖലകളിലും പുതിയ കൊടുമുടികൾ തൊടുകയാണ്. രാജ്യത്തെ പൗരന്മാരുടെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും സർക്കാർ മുൻഗണന നൽകുന്നതിനാലാണ് അത് സാധ്യമായത്. സർക്കാർ എടുക്കുന്ന ഒരോ നയവും തീരുമാനങ്ങളും സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. വികസനത്തിന്റെ പാതയിലാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വികസനം എന്നത് സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. സംയോജിത വീക്ഷണത്തിന് പ്രാധാന്യമുള്ള പുതിയ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിലൂടെ അടിസ്ഥാന സൗകര്യ വികസനം യാഥാര്‍ത്ഥ്യമായി . ഇത് വികസനം വേഗത്തിലാക്കുക മാത്രമല്ല, പദ്ധതികളുടെ ചെലവ് കുറയ്‌ക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ദരിദ്രർക്കുള്ള ക്ഷേമപദ്ധതികൾ വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടര വർഷമായി രാജ്യത്തുടനീളം സൗജന്യ റേഷൻ വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമെ പിഎം കിസാന്റെ കീഴിൽ കർഷകരുടെ അക്കൗണ്ടിലേക്ക് 6,000 രൂപ വീതം നേരിട്ട് നൽകി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മുൻ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു,മേഘാലയ ഗവർണർ കമ്പംപതി ഹരിബാബു എന്നിവരെ കുറിച്ചും പ്രധാനമന്ത്രി പ്രത്യേക പരാമർശം നടത്തി.
















Comments