അനന്ത്‌നാഗ് : കഴിഞ്ഞ വർഷം കൊല്ലപ്പെട്ട കോൺസ്റ്റബിൾ ബന്തു ശർമയുടെ വീട് തീവ്രവാദികൾ കൊള്ളയടിച്ചു. തെക്കൻ കശ്മീരിലെ വാൻപോയിലെ വീടാണ് കൊള്ളയടിക്കപ്പെട്ടത് . മകൻ ഭീകരരുടെ വെടിയുണ്ടകളാൽ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ കരകയറിയിട്ടില്ലാത്ത മാതാവ് ശാരികയ്‌ക്ക് വീണ്ടും കനത്ത ആഘാതമാണ് സംഭവമുണ്ടാക്കിയത്.
“ആദ്യം അവർ എന്റെ മകനെ കൊന്നു, ഇപ്പോൾ അവർ ഇവിടെയുള്ള എല്ലാം മോഷ്ടിച്ചു, പാത്രങ്ങൾ പോലും ഉപേക്ഷിച്ചിട്ടില്ല,അവർ എല്ലാം എടുത്തു കളഞ്ഞിരിക്കുന്നു. വീട്ടിലെ ഇലക്‌ട്രിക് ഫിറ്റിംഗ്‌സ് പോലും പിഴുതെറിഞ്ഞു”, ശാരിക പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്റ്റംബർ 17 നാണ് അമ്മയെ കാണാൻ വീട്ടിലെത്തിയ ശാരികയുടെ ഇളയ മകൻ കോൺസ്റ്റബിൾ ബന്തു ശർമയെ ഭീകരർ കൊലപ്പെടുത്തിയത് .അദ്ദേഹം ഡ്യൂട്ടിക്കായി വീട്ടിൽ നിന്ന് പോകുമ്പോൾ, തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. മകനെ അക്രമിക്കുന്നത് തടയാൻ അയൽ വാസികൾ പോലും ഉണ്ടായില്ലെന്നും ശാരിക പറയുന്നു.
കശ്മീരി ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ തുടർച്ചയായതോടെ ശാരിക മകളോടൊപ്പം വെസ്സു പ്രദേശത്തെ സുരക്ഷിതമായ താമസസ്ഥലത്തേക്ക് മാറിയിരുന്നു .90-കളിൽ, ലക്ഷക്കണക്കിന് കശ്മീരി പണ്ഡിറ്റുകൾ താഴ്‌വര വിട്ടുപോയപ്പോൾ, ശാരികയുടെ കുടുംബം അവിടെ തന്നെ നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
Comments