പത്തനംതിട്ട : സ്‌കാനിംഗ് സെന്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് നടപടി സ്വീകരിക്കാൻ മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകിയത്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
അടൂർ ജനറൽ ആശുപത്രിക്ക് സമീപത്തെ സ്‌കാനിംഗ് സെന്ററിലാണ് സംഭവം. സംഭവത്തിൽ ദൃശ്യം പകർത്തിയ റേഡിയോഗ്രാഫർ കൊല്ലം കടയ്‌ക്കൽ സ്വദേശി അൻജിത്ത് അറസ്റ്റിലായിരുന്നു.എംആർഐ സ്‌കാൻ എടുക്കാൻ വന്ന യുവതി വസ്ത്രം മാറുന്നത് മൊബൈൽ ഫോണിൽ പകർത്തിയെന്നാണ് യുവാവിനെതിരെയുള്ള കേസ്.
വസ്ത്രം മാറുന്നതിനിടെ സംശയം തോന്നിയ യുവതി പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യുവാവ് ഫോണിൽ ദൃശ്യം പകർത്തുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Comments