പാകിസ്താനെ തോൽപ്പിച്ച് ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കിയതോടെ സംവിധായകൻ ഒമർ ലുലുവിനെ പരിഹസിച്ച് ക്രിക്കറ്റ് ആരാധകർ. സമൂഹമാദ്ധ്യമങ്ങളിൽ സംവിധായകനെതിരെ ട്രോളുകളും നിറയുകയാണ്. ഫൈനലിൽ പാകിസ്താൻ ജയിക്കും എന്നായിരുന്നു ഒമർ ലുലുവിന്റെ പ്രവചനം. പാകിസ്താൻ ജയിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സംവിധായകൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ‘ഇംഗ്ലണ്ട് ജയിക്കും.. ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്..’ എന്ന് ഒരാൾ പോസ്റ്റിന് താഴെ വെല്ലുവിളിയുമായി എത്തിയിരുന്നു. ഇതിന് ഒമർ ലുലു സമ്മതവും പറഞ്ഞു. ഇതാണ് ഇപ്പോൾ ട്രോളുകളിൽ നിറയുന്നത്.
കാശ് എപ്പോൾ കിട്ടും എന്നാണ് സംവിധായകന്റെ പോസ്റ്റിന് താഴെ കമന്റുകൾ നിറയുന്നത്. പാകിസ്താനെ 5 വിക്കറ്റിന് തകർത്താണ് ട്വന്റി 20 ലോകകപ്പ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ബൗളിംഗിലും ഫീൽഡിംഗിലും ബാറ്റിംഗിലും വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഇംഗ്ലണ്ട് പാകിസ്താനെ തറപറ്റിച്ച് ലോകകിരീടം ഉയർത്തിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്താന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് മാത്രമെ എടുക്കാൻ സാധിച്ചിരുന്നുള്ളു. ഇംഗ്ലണ്ട് ബോളർമാർക്ക് മുന്നിൽ വിയർത്തൊലിക്കുന്ന പാക് ബാറ്റർമാരെയാണ് കാണാൻ കഴിഞ്ഞത്.
ബെൻ സ്റ്റോക്സ് അർദ്ധ സെഞ്ചറിയുടെ കരുത്തിൽ ആറു പന്തുകൾ ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ രണ്ടാം കിരീടമാണിത്. 2010-ൽ വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പിൽ ഓസ്ട്രേലിയയെ ഏഴു വിക്കറ്റിനു തോൽപിച്ചാണ് ഇംഗ്ലണ്ട് ആദ്യമായി ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. 49 പന്തുകൾ നേരിട്ട സ്റ്റോക്സ് 52 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
Comments