ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ നുണ പ്രചാരണം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും പണി കിട്ടി. രാജ്യത്തെ റെയിൽവെ സ്റ്റേഷനുകൾ കേന്ദ്രം സ്വകാര്യവത്ക്കരിച്ചുവെന്നാണ് രാഹുൽ പ്രചരിപ്പിച്ചത്. എന്നാലിത് വ്യാജ വാർത്തയാണെന്ന് പിഐബി ഫാക്ട് ചെക്ക് സ്ഥിരീകരിച്ചു. ഔദ്യോഗിക ട്വിറ്റർ ഹാന്റിലിലൂടെയാണ് പിഐബി ഫാക്ട് ചെക്ക്‌സ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രാജ്യത്തെ 151 ഓളം റെയിൽവേ സ്റ്റേഷനുകൾ കേന്ദ്ര സർക്കാർ സ്വകാര്യവത്ക്കരിച്ചുവെന്നായിരുന്നു രാഹുലിന്റെ വാദം. എന്നാൽ ഈ അവകാശവാദം തികച്ചും വസ്തുതാ വിരുദ്ധമാണെന്ന് രാഹുലിന്റെ ട്വീറ്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട് പിഐബി വ്യക്തമാക്കി.
”12 ലക്ഷം പേർക്ക് തൊഴിലും, 2.5 കോടി ആളുകൾ പ്രതിദിന സേവനവും നടത്തുന്ന ഇന്ത്യൻ റെയിൽവേ രാജ്യത്തെ ബന്ധിപ്പിക്കുന്നു. പ്രധാനമന്ത്രി… റെയിൽവേ രാജ്യത്തിന്റെ സ്വത്താണ്. അതിന് വേണ്ടത് ശാക്തീകരണമാണ്, സ്വകാര്യവൽക്കരണമല്ല. വിൽക്കരുത്!” എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
എന്നാലിത് വസ്തുതാ വിരുദ്ധമാണെന്ന് പിഐബി ഫാക്ട് ചെക്ക്‌സ് പറയുന്നു. ഇന്ത്യൻ റെയിൽവേയുടെ 151 ട്രെയിനുകൾ, റെയിൽവേ സ്വത്തുക്കൾ, സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവ സ്വകാര്യവൽക്കരിച്ചുവെന്ന് ഒരു ട്വീറ്റിൽ പറയുന്നുണ്ട്. എന്നാലിത് വ്യാജമായ അവകാശവാദമാണ്. റെയിൽവേ മന്ത്രാലയം അതിന്റെ സ്വത്തുക്കളൊന്നും സ്വകാര്യവൽക്കരിക്കുന്നില്ലെന്നും പിഐബി കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെ രാഹുലിനെ പരിഹസിച്ചുകൊണ്ട് ബിജെപി നേതാക്കളും രംഗത്തെത്തി. ‘രാഹുൽ ഗാന്ധി ഒരു സീരിയൽ നുണയനാണ്, ഇത് ആദ്യമായല്ല അദ്ദേഹം രാഹുലിന്റെ നുണകളിൽ പിടിക്കപ്പെടുന്നത് എന്നും ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.
Comments