ചെന്നൈ: തെന്നിന്ത്യൻ നടൻ കാർത്തിയുടെ ഫേസ്ബുക്ക് പേജ് അജ്ഞാതർ ഹാക്ക് ചെയ്തു. ട്വിറ്ററിലൂടെ കാർത്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
‘ഹലോ സുഹൃത്തുക്കളെ, എന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഞങ്ങൾ അത് ഫേസ്ബുക്ക് ടീമുമായി ചേർന്ന് പുന:സ്ഥാപിക്കാൻ ശ്രമിക്കുന്നു’ എന്നായിരുന്നു ട്വീറ്റ്.
കാർത്തി എന്ന തലക്കെട്ടോടെ ഒരു വീഡിയോ ഹാക്കർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ഗെയിം എന്ന് തോന്നിക്കുന്നതാണ് വീഡിയോ. ലൈവ് വീഡിയോ ആണ് പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൂന്നരമണിക്കൂർ ദൈർഘ്യമുള്ളതാണ് വീഡിയോ.ലൈവ് സ്ട്രീമിങ് ചെയ്തത് കാർത്തിയാണെന്ന് തെറ്റിദ്ധരിച്ച് നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായെത്തിയത്. ഇതിന് പിന്നാലെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി കാർത്തി അറിയിച്ചത്.
അതേസമയം പിഎസ് മിത്രൻ സംവിധാനം ചെയ്ത് കാർത്തി കേന്ദ്രകഥാപാത്രമായെത്തുന്ന സർദാർ എന്ന ചിത്രത്തിന് തിയേറ്ററിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 26 ാം ദിനത്തിലേക്ക് കടക്കുന്ന ചിത്രം ഇതിനോടകം തന്നെ നൂറുകോടിയേളം രൂപ കളക്ഷൻ നേടിയിട്ടുണ്ട്.
Comments