ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം തടയാൻ കേന്ദ്രസർക്കാർ ഗൗരവപൂർവ്വം ഇടപെടണമെന്ന് സുപ്രീംകോടതി. കേന്ദ്രസർക്കാരിന്റെ ഇടപെടലില്ലെങ്കിൽ രാജ്യസുരക്ഷയെ ബാധിക്കുമെന്നും സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. മതം മാറാൻ ഭരണഘടന അവകാശം നൽകുന്നുണ്ടെങ്കിലും നിർബന്ധിത മതപരിവർത്തനത്തിന് അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എംആർ ഷായയും ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം.നിർബന്ധിത മതപരിവർത്തനം തടയുന്നതിനു സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു.
ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.ഭീഷണിപ്പെടുത്തിയും സമ്മാനങ്ങങ്ങളും സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയും വഞ്ചിച്ചും നടത്തുന്ന മതപരിവർത്തനം നിയന്ത്രിക്കാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അശ്വനി കുമാർ കോടതിയെ സമീപിച്ചിരുന്നത്.
ഹർജി പരിഗണിച്ച സുപ്രീംകോടതി നിർബന്ധിതമതപരിവർത്തനം വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും അവസാനിപ്പിച്ചില്ലെങ്കിൽ വളരെ വിഷമകരമായ സാഹചര്യം ഉടലെടുക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. നിർബന്ധിത മതപരിവർത്തനം തടയാൻ കേന്ദ്രം ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. അല്ലെങ്കിൽ വളരെ വിഷമകരമായ സാഹചര്യം വരും.നിർബന്ധിത മതപരിവർത്തനം തടയുന്നതിന് സ്വീകരിക്കുന്ന നടപടികൾ നവംബർ 22-നകം അറിയിക്കാനും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.
ഇത് രാഷ്‌ട്രത്തിന്റെ സുരക്ഷയെയും മതത്തിന്റെയും മനസ്സാക്ഷിയുടെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണ്. അതിനാൽ, ഇത്തരം നിർബന്ധിത മതപരിവർത്തനം തടയാനായി ഏത് രീതിയിലുള്ള തുടർനടപടികൾ സ്വീകരിക്കാമെന്നതിനെ കുറിച്ച് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കുന്നതാണ് നല്ലതെന്ന് കോടതി വ്യക്തമാക്കി.
Comments