സമീപകാലത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ മികച്ച പ്രേക്ഷക പ്രശംസ നേടിയ സിനിമയാണ് റോഷാക്ക്. തിയറ്ററിൽ വിജയം സ്വന്തമാക്കിയ ചിത്രം ഇപ്പോൾ ഒടിടിയും റിലീസ് ചെയ്തിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നതും റോഷാക്ക് തന്നെ. സൈക്കോളജിക്കൽ ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. ലൂക്ക് ആന്റണിയായി ഗംഭീര പ്രകടനമാണ് മമ്മൂട്ടിയ കാഴ്ച വച്ചിരിക്കുന്നത്. താരത്തിന്റെ പ്രകടനത്തെയും സിനിമയുടെ മേക്കിംഗിനെയും പ്രശംസിച്ച് നിരവധി പേർ ഇതിനോടകം രംഗത്തു വന്നിട്ടുണ്ട്. ഇപ്പോൾ ചിത്രത്തെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുകയാണ് സീതാ രാമം എന്ന വിജയ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ മൃണാള്‍ താക്കൂര്‍.
‘ഹോ.. എന്തൊരു സിനിമയാണിത്. ഇരുന്നിടത്ത് നിന്നും ഞാൻ അനങ്ങിയതു പോലുമില്ല. ഉള്ളിൽ തറയ്‌ക്കുന്ന അനുഭവമായിരുന്നു ഈ സിനിമ. മമ്മൂട്ടി സാറിനും ടീമിനും വലിയ അഭിനന്ദനങ്ങള്‍’ എന്നാണ് മൃണാള്‍ താക്കൂര്‍ റോഷാക്ക് കണ്ടതിന് ശേഷം പ്രതികരിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു മൃണാള്‍ താക്കൂറിന്റെ പ്രശംസ. സീതാ രാമം എന്ന തെലുങ്ക് ചിത്രത്തിൽ മൃണാള്‍ താക്കൂറിന്റെ നായകനായി എത്തിയത് ദുൽഖർ സൽമാൻ ആണ്. ദുൽഖറിന്റെ കരിയറിലെ തന്നെ വലിയ വിജയമായിരുന്നു സീതാരാമം.
ഒക്ടോബര്‍ 7-നാണ് റോഷാക്ക് തിയറ്ററിൽ റിലീസ് ചെയ്തത്. നവംബർ 11-ന് ഡിസ്‌നി ഹോട്ട്‌സ്റ്റാറിൽ ചിത്രം സ്ട്രീമിംഗും ആരംഭിച്ചു. ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന സിനിമയ്‌ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. നടി ബിന്ദു പണിക്കരും മമ്മൂട്ടിക്കൊപ്പം മികച്ച പ്രകടനം സിനിമയിൽ കാഴ്ച വെയ്‌ക്കുന്നു. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
















Comments