ന്യൂഡൽഹി : തമിഴ് ഭാഷയും കാശി നഗരവുമായുള്ള പൗരാണിക ബന്ധത്തെ ഊട്ടിയുറപ്പിയ്‌ക്കാനായുള്ള തമിഴ്-കാശി സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയ കേന്ദ്രസർക്കാറിന് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ. കാശി-തമിഴ് സംഗമത്തിന്റെ ബ്രോഷറുകളുടെ പ്രകാശനം നടത്തുകയായിരുന്നു അണ്ണാമലൈ. ഐഐടിയും മദ്രാസ്-ബനാറസ് ഹിന്ദു സർവകലാശാലയും സംയുക്തമായാണ് പരിപാടികൾ നടത്തുന്നത്.
വിദ്യാഭ്യാസവകുപ്പും സാംസ്‌കാരിക വകുപ്പും സംയുക്തമായി വരാണാസിയിലും വിവിധ കേന്ദ്രങ്ങളിലുമായി ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് ഈ മാസം 16ന് തുടക്കമിടും. ഡിസംബർ 19 വരെയാണ് തമിഴ്-കാശി സംഗമ പരിപാടികൾ നടക്കുന്നത്. കഴിഞ്ഞ മാസം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ തമിഴ്-കാശി സംഗമത്തിന്റെ വിവിധ മുന്നൊരുക്കങ്ങൾക്കായി പ്രത്യേക യോഗങ്ങളും സംഘടിപ്പിച്ചിരുന്നു.
ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന സങ്കൽപ്പത്തെ ഊട്ടിഉറപ്പിക്കുന്നതാണ് പൗരാണിക കാശി നഗരവും തമിഴ്‌നാടുമായി ഉണ്ടായിരുതെന്ന പ്രധാനമന്ത്രിയുടെ ട്വിറ്റർ സന്ദേശം പങ്കുവെച്ചുകൊണ്ടാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ എൽ.മുരുഗൻ കാശി-തമിഴ് സംഗമത്തിന് ആശംസകൾ നേർന്നത്.
സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം ആഘോഷിക്കുന്ന ഈ വർഷം തമിഴ് ജനത ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച പങ്ക് ഓർമ്മിപ്പിക്കുന്ന നിരവധി പരിപാടികൾ ബനാറസ് സർവകലാശാലയുടെ മേൽനോട്ടത്തിൽ നടക്കുന്നതും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കാശിയിലും തമിഴ് നാട്ടിലുമായി യോഗ-ആയുർവേദ,വാണിജ്യ-വ്യാപാര മേഖല, ഐടി എന്നിവയുമായി ബന്ധപ്പെട്ട വിവിധ സെമിനാറുകളാണ് നടക്കുന്നത്. ഇതിനൊപ്പം സംഗീത നിശകൾ, നാടകം, കരകൗശല പ്രദർശനങ്ങൾ, എന്നിവയും വിവിധ വകുപ്പുകളുടെ കീഴിൽ വരാണസിയിലും ചെന്നൈയിലുമായി നടക്കുമെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ കഴിഞ്ഞ മാസം തന്നെ വ്യക്തമാക്കിയിരുന്നു.
















Comments