വീണ്ടും വിജയക്കുതിപ്പ് തുടരാൻ ഒരുങ്ങുകയാണ് തമിഴ് നടൻ കാർത്തി. വിരുമൻ, പൊന്നിയിൻ സെൽവൻ, സർദാർ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളുടെ ഹാട്രിക് വിജയം ആഘോഷമാക്കുകയാണ് കാർത്തി ആരാധകർ. ഇപ്പോൾ തന്റെ ആരാധകർക്ക് ഇരട്ടി മധുരം നൽകുന്ന വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്റെ കരിയറിലെ ഇരുപത്തി അഞ്ചാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് കാർത്തി. ‘ജപ്പാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വേറിട്ട ലുക്കിലാണ് പോസ്റ്ററിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
രാജു മുരുകൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ജപ്പാനിൽ കാർത്തിയുടെ നായികയായി എത്തുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയർ പിക്ചേർസിന്റെ ബാനറിൽ എസ്.ആർ.പ്രകാശ് ബാബു, എസ്.ആർ.പ്രഭു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ജപ്പാൻ. താരത്തിന്റെ ഇരുപത്തി അഞ്ചാമത്തെ ചിത്രം ബ്രഹ്മാണ്ഡ സിനിമയായിട്ടാണ് ഒരുങ്ങുന്നത്.
തെലുങ്കിൽ ഹാസ്യ നടനായും നായകനായും വില്ലനായും ശ്രദ്ധിക്കപ്പെട്ട നടൻ സുനിൽ ജപ്പാനിൽ പ്രധാന കഥാപാത്രത്തെ അഭിനയിക്കുന്നു. പുഷ്പയിൽ ‘മംഗളം സീനു’ എന്ന വില്ലൻ കഥാപാത്രത്തെ അവിസ്മരണീയമാക്കി കയ്യടി നേടിയ നടനാണ് സുനിൽ. ഛായഗ്രാഹകൻ വിജയ് മിൽട്ടനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ ഛായാഗ്രാഹകനായ രവി വർമ്മനാണ് ജപ്പാന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ.
Comments