ലക്‌നൗ: നിക്കാഹ് ഹലാലയുടെ പേരിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ് എടുത്ത് പോലീസ്. ഷഹജൻപൂർ സ്വദേശി സൽമാനും കുടുംബത്തിനുമെതിരെയാണ് കേസ് എടുത്തത്. കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. സംഭവത്തിൽ സൽമാനെതിരെ എഫ്‌ഐആറും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2017 ലായിരുന്നു യുവതിയും സൽമാനുമായുള്ള വിവാഹം. ആദ്യ രാത്രിയിൽ ബലം പ്രയോഗിച്ച് ആയിരുന്നു സൽമാൻ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇക്കാര്യം ഭർതൃമാതാവിനോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതിന് പുറമേ യുവതിയെ മർദ്ദിക്കുകയും ചെയ്തു. ഇതിൽ അരിശംപൂണ്ട സൽമാൻ യുവതിയെ മൊഴി ചൊല്ലുകയായിരുന്നു.
തുടർന്ന് യുവതി വീട്ടിലേക്ക് മടങ്ങി. പിന്നീട് വീണ്ടും വിവാഹം കഴിക്കാൻ താത്പര്യം പ്രകടിപ്പിച്ച് സൽമാൻ യുവതിയുടെ കുടുംബത്തെ സമീപിക്കുകയായിരുന്നു. ഇസ്ലാമിക നിയമ പ്രകാരം തലാക്ക് ചൊല്ലിയ യുവതിയെ വീണ്ടും വിവാഹം കഴിക്കണമെങ്കിൽ മറ്റൊരാൾ വിവാഹം ചെയ്ത് മൊഴി ചൊല്ലണം. ഇതിനായി സഹോദരൻ ഇർഫാനെ വിവാഹം കഴിക്കാൻ സൽമാൻ നിർബന്ധിക്കുകയായിരുന്നു. വിസമ്മതിച്ചപ്പോൾ ബലമായി മറ്റൊരു ഗ്രാമത്തിൽ കൊണ്ടുപോയി പത്ത് ദിവസം താമസിപ്പിച്ചു. ഈ ദിവസങ്ങളിൽ ഇർഫാൻ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ഇതേ തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് കോടതിയെ സമീപിച്ചത്. യുവതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് എടുത്തതിന് പിന്നാലെ സൽമാനും കുടുംബവും ബന്ധുവീട്ടിലേക്ക് ഒളിവിൽ പോയിരിക്കുകയാണ്. ഇവരെ ഉടൻ പിടികൂടുമെന്നാണ് പോലീസ് പറയുന്നത്.
















Comments