തിരുവനന്തപുരം: പിഎസ്‌സിയിൽ ഒഴിവ് വന്ന ശേഷം മാത്രം റിപ്പോർട്ട് ചെയ്യുന്ന രീതിയിൽ മാറ്റം വരുന്നു.ഒറ്റ വർഷത്തെ ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യണമെന്ന് പിഎസ്‌സി വ്യക്തമാക്കി. 2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ഉണ്ടാകാനിടയുള്ള ഒഴിവുകൾ ഈ മാസം 30-ാം തീയതിയ്‌ക്ക് മുൻപ് റിപ്പോർട്ട് ചെയ്യുന്ന രീതിയ്‌ക്ക് ഈ വർഷം തുടക്കമാകും. ആറ് മാസത്തിൽ കൂടുതലുള്ള അവധിയും ഒഴിവായി കണക്കാക്കും.
ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആശ തോമസ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. പിഎസ്‌സിയ്‌ക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ ഉദ്യോഗ കയറ്റത്തിലൂടെ നികത്താൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. പി എസ് സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം,തീയതി എന്നിവ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനെ അറിയിക്കണം. ആറ് മാസത്തിൽ കൂടുതൽ ഉള്ള അവധികൾ ഒഴിവായി പരിഗണിച്ചുകൊണ്ടായിരിക്കണം പിഎസ്‌സിയ്‌ക്ക് റിപ്പോർട്ട് ചെയ്യാൻ.
ഒരു റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ ഉണ്ടാകുന്ന മുഴുവൻ ഒഴിവുകളും ആ ലിസ്റ്റിൽ നിന്ന് തന്നെ നികത്തണം എന്ന പുതിയ നിർദേശവുമുണ്ട്. പി എസ് സി ലിസ്റ്റിലുള്ളതിൽ താത്ക്കാലിക നിയമനം പാടില്ല. ഏതെങ്കിലും ഒരു തസ്തികയിൽ പി എസ് സി റാങ്ക് ലിസ്റ്റുണ്ടെങ്കിൽ ആ തസ്തികയിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിലോ കരാർ അടിസ്ഥാനത്തിലോ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴിയോ ഉള്ള നിയമനം പാടില്ല. ഒഴിവുകളുടെ എണ്ണം ഡിസംബർ 1-ന് വകുപ്പിനെ അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
















Comments