ഭോപ്പാൽ: മദ്ധ്യപ്രദേശിൽ യൂട്യൂബ് നോക്കി ജ്യൂസ് ഉണ്ടാക്കി കുടിച്ചയാൾ മരിച്ചു. സ്വർണബാഗ് സ്വദേശി ധർമ്മേന്ദ്ര കൊറോല (30) ആണ് മരിച്ചത്. കൈ വേദന മാറാൻ വേണ്ടിയായിരുന്നു ഇയാൾ ജ്യൂസ് ഉണ്ടാക്കി കുടിച്ചത്.
ഇന്നലെയായിരുന്നു സംഭവം. കാട്ടുവെള്ളരിയുടെ ജ്യൂസ് ആയിരുന്നു ഇയാൾ ഉണ്ടാക്കിയത്. അടുത്തിടെ ധർമ്മേന്ദ്രയ്‌ക്ക് വാഹനാപകടം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന് കൈവേദന ആരംഭിച്ചത്. പല മരുന്നുകൾ കഴിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഇതോടെയാണ് യൂട്യൂബ് വീഡിയോയിൽ കണ്ട ജ്യൂസിനെ ആശ്രയിച്ചത്.
വനമേഖലയിൽ കണ്ടുവരുന്ന പ്രത്യേക തരം വെള്ളരിയാണ് കാട്ടുവെള്ളരി. യൂട്യൂബ് വീഡിയോ കണ്ട ധർമ്മേന്ദ്ര ദൂരെയുള്ള കാട്ടിലേക്ക് പുറപ്പെട്ടു. ഏറെ പാടുപെട്ടാണ് ഇയാൾ കാട്ടുവെള്ളരി സംഘടിപ്പിച്ചത്. വീട്ടിൽ തിരിച്ചെത്തിയ ധർമ്മേന്ദ്ര പിന്നീട് യൂട്യൂബ് വീഡിയോയിൽ പറഞ്ഞ ചേരുവകൾ ചേർത്ത് ജ്യൂസ് ഉണ്ടാക്കി കുടിച്ചു.
എന്നാൽ കുടിച്ച നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ ധർമ്മേന്ദ്ര ഛർദ്ദിക്കാൻ ആരംഭിക്കുകയായിരുന്നു. ഛർദ്ദി നിൽക്കാതെ ആയതോടെ ധർമ്മേന്ദ്രയെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
Comments