ആന്റിഗ്വ: വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ കീറോൺ പൊള്ളാർഡ് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നും വിരമിച്ചു. ഐ പി എല്ലിലെ എക്കാലത്തേയും മികച്ച ഫിനിഷർമാരിൽ ഒരാളാണ് പൊള്ളാർഡ്. 2023 സീസണിൽ മുംബൈ സ്ക്വാഡിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് പൊള്ളാർഡിന്റെ വിരമിക്കൽ പ്രഖ്യാപനം.
മുംബൈ ഇന്ത്യൻസിനെതിരെ കളിക്കാൻ താത്പര്യമില്ലാത്തതിനാലാണ് വിരമിക്കുന്നതെന്ന് പൊള്ളാർഡ് ട്വീറ്റ് ചെയ്തു. താൻ എന്നും മുംബൈ ഇന്ത്യൻ ആയിരിക്കുമെന്ന് പൊള്ളാർഡ് പറഞ്ഞു. അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് കോച്ചായി എത്തുമെന്നതിന്റെ സൂചനകളും പൊള്ളാർഡ് നൽകി.
2010 സീസണിൽ മുംബൈ ഇന്ത്യൻസുമായി കരാറൊപ്പിട്ട നാൾ മുതൽ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു പൊള്ളാർഡ്. മുംബൈ ഇന്ത്യൻസിന്റെ മാർക്വീ താരമായിരുന്ന പൊള്ളാർഡ്, തന്റെ ഓൾ റൗണ്ട് മികവുകൊണ്ട് നിരവധി മത്സരങ്ങളിൽ ടീമിന് അവിസ്മരണീയ വിജയങ്ങൾ സമ്മാനിച്ചിട്ടുണ്ട്. 189 മത്സരങ്ങളിൽ നിന്നും 28.67 ശരാശരിയിൽ 16 അർദ്ധ ശതകങ്ങൾ ഉൾപ്പെടെ 3,412 ഐപിഎൽ റണ്ണുകൾ അടിച്ചു കൂട്ടിയ പൊള്ളാർഡിന്റെ അക്കൗണ്ടിൽ 69 വിക്കറ്റുകളും ഉണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ നിറം മങ്ങിയ പ്രകടനമായിരുന്നു താരത്തിന്റേത്.
















Comments