ഐസ്വാൾ: മിസോറമിൽ കരിങ്കൽ ക്വാറി ഇടിഞ്ഞുണ്ടായ അപകടത്തിൽ തിരച്ചിൽ തുടരുന്നു. നിരവധി പേർ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന നിഗമനത്തെ തുടർന്നാണ് തിരച്ചിൽ തുടരുന്നത്. ഇതുവരെ എട്ട് പേരുടെ മൃതദേഹങ്ങളാണ് സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്തത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി, പോലീസ്, ബിഎസ്എഫ് എന്നിവയുടെ സംയുക്ത സംഘമാണ് സ്ഥലത്ത് പരിശോധന നടത്തുന്നത്. പരിശോധനയ്‌ക്കിടെ ഇന്ന് ഉച്ചയോടെ കരിങ്കൽ ക്വാറിയിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഉച്ചയ്‌ക്ക് 2.40 ഓടെയായിരുന്നു മണ്ണിടിച്ചൽ. ഇതേ തുടർന്ന് രക്ഷാ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകാൻ സ്ഥലത്ത് മെഡിക്കൽ സംഘവും തമ്പടിച്ചിട്ടുണ്ട്.
നാത്തിയാൽ ജില്ലയിലെ ജില്ലയിലെ മൗദാർഹ് ഗ്രാമത്തിലായിരുന്നു കരിങ്കൽ ക്വാറി തകർന്ന് അപകടം ഉണ്ടായത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. അപകട സമയം നിരവധി തൊഴിലാളികൾ ക്വാറിയിൽ ഉണ്ടായിരുന്നു. 12 ഓളം പേർ ഇപ്പോഴും കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഇവർക്കായാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചത് ആരെല്ലാമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
















Comments