ജയ്പൂർ : രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ പ്രതിഷേധവുമായി ജനങ്ങൾ. രാഹുൽ ഗാന്ധിയെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഗുർജാർ അരക്ഷൻ സംഘർഷ് സമിതി ചെയർമാൻ വിജയ് ബൈൻസ്ല പറഞ്ഞു. തങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാമെന്ന് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാലത് പാലിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് വിജയ് ബൈൻസ്ല ആരോപിച്ചു.
2019 ലും 2020 ലും സംസ്ഥാനത്ത് പ്രതിഷേധങ്ങൾ നടന്നിരുന്നു. അന്ന് തങ്ങൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് കരാറിലും ഒപ്പിട്ടു. എന്നാൽ ഇത്രയും വർഷമായിട്ടും കേസകൾ പിൻവലിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് ഇയാൾ ആരോപിച്ചു.
തങ്ങളുടെ സമുദായത്തിൽ നിന്ന് 233 പേർക്ക് ജോലി നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് നിയമപരമായി പോസ്റ്റിംഗ് നൽകിയെങ്കിലും പിന്നീടത് റദ്ദാക്കി. തങ്ങളുടെ അപേക്ഷകളെല്ലാം അവഗണിച്ചുകൊണ്ടായിരുന്നു സർക്കാർ നടപടിയെന്നും ആരോപണമുണ്ട്.
സർക്കാർ സ്‌കോളർഷിപ്പുകളും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന പദ്ധതിയാണ് ദേവനാരായണൻ യോജന. 2019-2022 വരെയുള്ള വർഷങ്ങളിൽ സ്‌കീമിന് കീഴിൽ 13,400 സ്‌കോളർഷിപ്പുകൾ അംഗീകരിച്ചിട്ടില്ല. പാവപ്പെട്ടവരാണ് സ്‌കോളർഷിപ്പിനായി അപേക്ഷിക്കുന്നത്. എന്നാൽ ഇത് അനുവദിച്ച് തരാൻ പോലും സർക്കാർ തയ്യാറാകുന്നില്ല. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ പരസ്യം ചെയ്‌തെങ്കിലും അതിനും സർക്കാർ തയ്യാറാകുന്നില്ലെന്നാണ് വിമർശനം.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്താണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. ഡിസംബർ 6 ന് ഭാരത് ജോഡോ യാത്ര സംസ്ഥാനത്തെത്തും.
Comments