എറണാകുളം: പാതയോരങ്ങളിലെ ഫ്ലക്‌സ് ബോർഡുകൾ നീക്കം ചെയ്യാത്തതിൽ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി. വീഴ്ച വരുത്തിയ തദ്ദേശ സ്ഥാപന മേധാവികളെ വിളിച്ചുവരുത്തുമെന്ന് കോടതി അറിയിച്ചു. പാതയോരങ്ങളിലെ ഫ്ലക്‌സ് ബോർഡുകൾ കാൽനടയാത്രികർക്ക് തടസ്സമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിലപാട് വ്യക്തമാക്കിയത്.
തലസ്ഥാന നഗരത്തിൽ പോലും കോടതി ഉത്തരവ് നടപ്പിലാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ താക്കീത്. കേസ് പരിഗണിക്കുമ്പോൾ തന്നെ പലഭാഗത്തും ഫ്ലക്‌സ് ബോർഡുകൾ കാണാമെന്നും കോടതി നിരീക്ഷിച്ചു. തലസ്ഥാന നഗരത്തിൽ ഫ്ലക്‌സ് നീക്കണമെന്ന ഉത്തരവ് പാലിക്കാത്തതിൽ റിപ്പോർട്ട് നൽകാൻ അമിക്കസ്‌ക്യൂറിയ്‌ക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഹർജി അടുത്ത മാസം 10 ന് വീണ്ടും പരിഗണിക്കും.
ഫ്ലക്‌സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന ഉത്തരവ് പാലിക്കപ്പെടാത്തത് നേരത്തെയും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഉത്തരവ് പാലിക്കുന്നതിൽ വീഴ്ചവരുത്തിയ കൊച്ചി നഗരസഭാ സെക്രട്ടറിയെയും കോടതി വിമർശിച്ചിരുന്നു.
Comments